Sunday, November 22, 2009

രാഗമാലിക - സംഗീത പരിചയം


സംഗീതത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ സഹായകരമാവുന്ന ലേഖനങ്ങളും ഓഡിയോ പാഠങ്ങളുമൊക്കെയാണ് രാഗമാലികയിലൂടെ അവതരിപ്പിക്കുന്നത്.വെബ്ബുകളിൽ സാധാരണ കാണപ്പെടുന്ന ആർട്ടിക്കിളുകളുടെ അവതരണത്തിൽ നിന്നു വ്യത്യസ്ഥമായി ഒരു  അധ്യായങ്ങളും ഉപാധ്യായങ്ങളുമൊക്കെയായി ഒരു പുസ്തകരൂപത്തിലാണ് രാഗമാലിക രൂപം കൊള്ളുന്നത്.നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ഒക്കെ സ്വാഗതം ചെയ്യുന്നു.

പ്രിയരേ,
ശാസ്ത്രീയമായി സംഗീതത്തെ നിരീക്ഷിക്കുന്ന,രാഗങ്ങളുടെ അറിവുകളിലൂടെ സൂക്ഷ്മമായ സംഗീതജ്ഞാനത്തിലേക്കു വഴി തുറക്കുന്ന ഒരു പംക്തി “രാഗമാലിക“ എന്ന പേരിൽ ആരംഭിക്കുകയാണ്.അതിനു പ്രാ‍രംഭമായി,സംഗീതത്തിന്റെ ശാസ്ത്രീയഘടകങ്ങളിലേക്കുള്ള ഒരു ചവിട്ടുപടിയെന്ന നിലയിൽ, ശാസ്ത്രീയസംഗീതത്തിൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതികസംജ്ഞകളെ കഴിയുന്നത്ര ലളിതമായും ചുരുക്കിയും ഒന്നു പരിചയപ്പെടുത്തുകയാണ്.തുടർന്ന്,സംഗീതത്തെ വ്യവച്ഛേദിച്ചു മനസ്സിലാക്കുവാൻ ശ്രമിക്കുന്നവർക്ക് ഇതു സഹായകമാകുമെന്നു കരുതുന്നു.
സംഗീതം
ഹൃദയാവർജ്ജകമായ ശബ്ദങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ലളിതകലയാണ് ഇവിടെ സംഗീതം എന്ന വാക്കു കൊണ്ടു വിവക്ഷിക്കുന്നത്.സുശ്രാവ്യങ്ങളായ ശബ്ദസമൂഹങ്ങളെക്കൊണ്ട് ഹൃദയത്തിൽ ഉൽകൃഷ്ടവികാരങ്ങളുളവാക്കി ആനന്ദം ജനിപ്പിക്കുകയാണ് സംഗീതം ചെയ്യുന്നത്.‌“പശുർവേത്തി ശിശുർവേത്തി വേത്തി ഗാനരസം ഫണീ” (മൃഗവും ശിശുവും സർപ്പവും സംഗീതമാസ്വദിക്കുന്നു)  എന്നു നാം പണ്ടേ കരുതിപ്പോന്നു.സർവ്വാശ്ലേഷിയായ കലയാണ് സംഗീതം.ഗാന്ധർവ്വമെന്ന പേരിൽ ഒരു ഉപവേദമായി സംഗീതത്തെയും നാം സ്വീകരിച്ചിട്ടുണ്ട്.

വികടശിരോമണിയുടെ ഈ ലേഖനം ഇവിടെ തുടർന്നു വായിക്കുക.


മായാമാളവ ഗൗള
72 മേളകർത്താരാഗങ്ങളിൽ 15-ആമത്തെ മേളകർത്താരാഗമാണ്  മായാമാളവ ഗൗള.
 കർണ്ണാടക സംഗീതവിദ്യാർത്ഥികൾ ഒരുപാട്കാലമായി പ്രാഥമിക സംഗീതപഠനം നടത്തുന്നത്‌ മായാമാളവഗൗള എന്ന രാഗത്തിലൂടെയാണ്. പുരന്ദരദാസരുടെ കാലത്താണ് ഈ രാഗം പ്രാഥമിക സംഗീതപഠനത്തിന് അടിസ്ഥാനരാഗമായി അംഗീകരിക്കപ്പെട്ടത്. ശുദ്ധസ്വരങ്ങൾ മാത്രമുള്ള ഒരു രാഗമായതിനാലും, പുരന്ദര ദാസരുടെ കാലത്ത് പ്രാമുഖ്യം ഉണ്ടായിരുന്ന കൃതികളിൽ ഈ രാഗവും, അതിന്റെ ജന്യ രാഗങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്നതും എല്ലാം ഇതിനു കാരണമായിരിക്കാം. ഈ രാഗത്തിൽ അചലസ്വരങ്ങളും, ഗമകസ്വരങ്ങളും, ജണ്ടധാട്ടു പ്രയോഗങ്ങളും നിഷ്പ്രയാസം പ്രകടിപ്പിക്കാൻ കഴിയുമെന്നുള്ളതു കൊണ്ടുമാണ് ഇത് അടിസ്ഥാനരാഗമായി ഉപയോഗിച്ചു വരുന്നതെന്നു ദക്ഷിണേന്ത്യൻ സംഗീതമെന്ന പുസ്തകത്തിൽ എ.കെ രവീന്ദ്രനാഥ് സൂചിപ്പിക്കുന്നു. മേള കർത്താപദ്ധതി നിലവിൽ വരുന്നതിന്നു മുൻപ് ഈ രാഗം  'മാളവ ഗൗള' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നെ കടപയാദി സൂത്രമനുസരിച്ച് ക്രമസംഖ്യാ നിർണ്ണയത്തിനു വേണ്ടി 'മാ', 'യാ' എന്ന രണ്ടക്ഷരങ്ങൾ കൂട്ടിചേർത്തതോടെ ഈ രാഗം "മായാ മാളവ ഗൗള" എന്നറിയപ്പെടാൻ തുടങ്ങി.


ആരോഹണം: സ രി ഗ മ പ ധ നി സ
അവരോഹണം:സ നി ധ പ മ ഗ രി സ

സ്വരസ്ഥാനങ്ങൾ:

ഷഡ്ജം, ശുദ്ധരിഷഭം, അന്തരഗാന്ധാരം,ശുദ്ധമദ്ധ്യമം, പഞ്ചമം, ശുദ്ധധൈവതം,കാകലിനിഷാദം.

ഈ രാഗത്തിൽ വരുന്ന സിനിമാ ഗാനങ്ങൾ

1.ഒരു ചിരികണ്ടാൽ കണി കണ്ടാൽ (പൊൻ‌മുടിപ്പുഴയോരത്ത് )
2.പവനരച്ചെഴുതുന്ന കോലങ്ങളെന്നും (വിയറ്റ്നാം കോളനി)
3.ഗണപതിയേ ശരണം (ആനക്കളരി)
4.കേണുമയങ്ങിയൊരെൻ പൈതലേ (കല്ലു കൊണ്ടൊരു പെണ്ണ്)
5.രാജമാതംഗി പാർവ്വതി  (ഭരതം)
6.കുയില പുടിച്ച്കൂട്ടിലടച്ച്  (ചിന്നതമ്പി) 


സോയാ സുനിൽ അവതരിപ്പിക്കുന്ന ഈ രാഗപരിചയം ഇവിടെ തുടർന്നു വായിക്കുക


Tuesday, November 10, 2009

MSL-ക്വിസ് - എപ്പിസോഡ്#3


പ്രിയരേ.. ക്വിസിന്റെ മൂന്നാം എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്.

മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായി ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ വ്യാഴം(12/11/2009‌) രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.വെള്ളി(13/11/2009) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്യുന്നതാണ്.ഉടൻ തന്നെ ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.

ചോദ്യങ്ങൾ

1. “എങ്ങിനേ നീ മറക്കും…’ എന്ന നീലക്കുയിലിലെ പാട്ടും ലെസ്ലി ആൻഡ്രൂസ് എന്നൊരാളും തമ്മിൽ എന്തു ബന്ധം?
സൂചന: മതം മാറി
ഉത്തരം : ലെസ്ലി ആൻഡ്രൂസ് മതം മാറി അബ്ദുൾ ഖാദർ ആയി പാടി.
സിംഗപ്പൂർ വച്ച് അബ്ദുൽ ഖാദർ ആയി മതം മാറുകയാണുണ്ടായത്. വിവാഹം കഴിച്ചത് സിനിമാ-നാടക നടിയായ ശാന്താദേവിയെ. (ഈയിടെ കേരള കഫേയിൽ ശാന്താദേവി അഭിനയിച്ചിട്ടുണ്ട്). മകൻ മാസ്റ്റർ സത്യജിത്ത് ബാലനടനായി അഭിനയിച്ചിട്ടുണ്ട്. സത്യ്ജിത്തിന്റെ ജ്യേഷ്ഠൻ പാട്ടുകാരനാണ്. സത്യജിത്തിനു സിനിമയിൽ പിടിച്ചുനിൽക്കാനായില്ല. 


2. ഈ ഹിന്ദി സിനിമാപ്പാട്ടിന്റെ അവതരണത്തിൽ പ്രശസ്തരായ അഞ്ചു മലയാളികൾക്ക് പങ്കുണ്ട്. ഏതു പാട്ട്?
സൂചന: ഷൈനി അഹൂജ,സാബു സിറിൾ
ഉത്തരം : “മെരേ ഢോൽ നാ  എന്ന ഗാനം” ചിത്രം-ഭൂൽ ഭുലൈയ്യ.
സാബു സിറിൾ നിർമ്മിച്ച രാജസദസ്സിൽ എം. ജി. ശ്രീകുമാർ (ശ്രേയാ ഘോഷാലിനൊപ്പം) പാടിയ പാട്ടിനു വിദ്യാ ബാലനും വിനീതും നൃത്തം ചെയ്തത് പ്രിയദർശൻ സംവിധാനം ചെയ്തു.എഡിറ്ററായ എൻ. ഗോപാലകൃഷ്ണന അടക്കം ആറു പേര്. പ്രിയദർശന്റെ ഹിന്ദി സിനിമകൾ പലതും മലയാളികളുടെ കൂട്ടായ്മയിലാണ് പിറവിയെടുക്കാറുള്ളതെങ്കിലും ഈ പാട്ടു മാത്രമാണ് മലയാളികൾ (വിനീത്, വിദ്യാ ബാലൻ) സ്ക്രീനിൽ അവതരിപ്പിച്ചത്.


3.പ്രശസ്ത അക്കോർഡിയൻ വായനക്കാരനായ ഇദ്ദേഹം പിന്നീട് സംഗീതസംവിധായകനായി മാറി. ആരാണത്?
സൂചന: എം.എസ്.വിശ്വനാഥൻ,കെ.വി.മഹാദേവൻ എന്നിവരുടെയൊക്കെ ഓർക്കസ്‌ട്രയിലെ മികച്ചപ്രകടനം.
 ഉത്തരം : കെ. ജെ. ജോയ്.

തെന്നിന്ത്യയിലെ ചുരുക്കം അക്കോർഡിയൻ പ്രഗൽഭരിലൊരാണ് കെ. ജെ. ജോയ്. പല പ്രസിദ്ധ ഹിന്ദിപ്പാട്ടുകൾക്കും അക്കോർഡിയൻ വായിച്ചിട്ടുണ്ട്. സംഗീതസംവിധാനത്തിലേക്കു തിരിഞ്ഞത് പിന്നീട്.

4.സാധാരണ താരാട്ടു പാട്ടുകൾ അമ്മ കുഞ്ഞിനെ ഉറക്കുന്ന രീതിയിലുള്ളവയാണ്.ചിലപ്പോൾ അമ്മയും അച്ഛനും കൂടെ കുഞ്ഞിനെ ഉറക്കാൻ താരാട്ടു പാടും (“കണ്ണും പൂട്ടിയുറങ്ങുക നീയെൻ”).എന്നാൽ അച്ഛനെ ഉറക്കാൻ മകൻ പാടുന്ന ഒരു താരാട്ടുണ്ട്. ഏതാണത്?
സൂചന: എം.കെ.അർജ്ജുനൻ സംഗീതം.പാട്ട് കെ.ജെ.യേശുദാസും പി.സുശീലയും വെവ്വേറെ പാടുന്നു.
ഉത്തരം : രാരിരം പാടുന്നു രാക്കിളികൾ
താളത്തിലാടുന്നു തളിർ ലതകൾ
ഈണത്തിലൊഴുകുന്നു പൂന്തെന്നൽ
ഇനിയുമെന്നച്ഛനുറങ്ങുകില്ലെ
പി. സുശീല, ചിത്രം അഷ്ടമി രോഹിണി, സംഗീതം എം. കെ. അർജ്ജുനൻ.അച്ഛൻ മകനെ ഉറക്കുന്നത് യേശുദാസ് പാടുന്നു. മകൻ അഛനെ ഉറക്കുന്നത് പി. സുശീലയും.

“കണ്ണിൻ മണികളാം മുല്ലകളെ
“വെണ്ണിലാവമ്മയുറക്കി
വിണ്ണിൻ മുറ്റത്തെ മേഘവിരികളിൽ
ഉണ്ണികൾ താരങ്ങളുറങ്ങി
അച്ഛനുറങ്ങാതിരിക്കാം
കൊച്ചു കൺപീലികൾ മൂടൂ...”
എന്ന് അച്ഛനും

“കണ്ണിൻ മണികളാം മുല്ലകൾ പാടീ
വെണ്ണിലാവമ്മയുറങ്ങി
കൊച്ചു നക്ഷത്രങ്ങൾ താലോലം പാടി
അച്ഛനാം അമ്പിളിയുറങ്ങി
കണ്ണനുറങ്ങാതിരിയ്ക്കാം
കണ്ണന്റെ പൊന്നച്ഛനുറങ്ങൂ...”
എന്നു മകനും പാടുന്നു



5.“സിനിമയിൽ പാടാൻ വന്നു, ആദ്യകാലത്ത് പല സിനിമകളിലും പാടി...പിന്നെ മലയാളത്തിലെ പ്രശസ്ത അഭിനേതാവായി മാറി,ആരാണിത്”
സൂചന:ദേവാസുരത്തിൽ ഉണ്ട്.
 ഉത്തരം :ജോസ് പ്രകാശ്
പാട്ടുകാരനായ ജോസ് പ്രകാശിനെയാണ് സിനിമാലോകം ആദ്യം കണ്ടത്. “ശരിയൊ തെറ്റോ”, വിശപ്പിന്റെ വിളി” സിനിമകളിലൊക്കെ പാടിക്കഴിഞ്ഞാണ് അഭിനയത്തിലേക്കു തിരിയുന്നത്.കൃഷ്ണചന്ദ്രൻ സംഗീതത്തിൽ ബിരുദവുമായാണ് സിനിമയിൽ എത്തിയതെങ്കിലും ആദ്യം അഭിനയത്തിലാണു തുടക്കം. പിന്നീട് അഭിനയവും പാട്ടും തുടർന്നു.


6.ഈ പാട്ട് തുടങ്ങുന്നത് അതിന്റെ ഒരു ചരണത്തിലാണ്.പല്ലവി ആയി ആവർത്തിയ്ക്കുന്നത് പിന്നീടു വരികയാണ്.ആദ്യം വന്ന ചരണം പിന്നീട് ആവർത്തിയ്ക്കുന്നുമുണ്ട്.ഏതു പാട്ട്?
സൂചന: ദേവൻ-ഹരിഹരൻ
ഉത്തരം :“ആത്മാവിൽ മുട്ടി വിളിച്ചതു പോലെ” പിന്നെയും ചരണമായി വരുന്നു. “കണ്ണിൽ പൂങ്കവിളിൽ തൊട്ട്……’ പല്ലവി ആയി ആവർത്തിയ്ക്കുന്നു. “താഴമ്പൂക്കാറ്റു തലോടിയ പോലെ...എന്ന ചരണത്തിന്റെ അതേ കമ്പൊസിങ്ങും ഓർക്കെസ്ട്രേഷനും തന്നെ ഇതിനും. “കണ്ണിൽ പൂങ്കവിളിൽ....” നു ചരണങ്ങളിൽ നിന്നും വ്യത്യസ്ഥമായി ട്യൂൺ ഇട്ടിരിയ്ക്കുന്നു. പല്ലവി യുടെ പതിവനുസരിച്ച് രണ്ടു തവണ ആവർത്തിയ്ക്കുന്നു.
ഹിന്ദി സിനിമാപ്പാട്ടിൽ ഈ രീതി പ്രചാരമുള്ളതാണ്. പല്ലവി തന്നെ വേറേ വാക്കുകളുപയൊഗിച്ച് ആവർത്തിക്കാറുമുണ്ട്. “മലർക്കൊടി പോലെ....’ എന്നപാട്ടിൽ ചരണം കഴിഞ്ഞ് ശേഷം "മധുകണം പോലെ മഞ്ഞിന്മണി പോലെ...എന്നാണു പല്ലവി. രണ്ടാം ചരണം കഴിഞ്ഞ് “മധുസ്വരം പോലെ മണിസ്വനം പോലെ“ എന്നാണു പല്ലവി. അവസാനം മാത്രമേ “മലർക്കൊടി പോലെ...” എന്ന ആദ്യപല്ലവി ആവർത്തിയ്ക്കുന്നുള്ളു. “അമ്പിളീ നിന്നെപ്പുൽകീ...” അനുപല്ലവി എന്ന നിയുക്തസ്ഥനത്തു നിന്നും മാറി മറ്റൊരു പല്ലവിയുടെ തന്നെ സാന്നിദ്ധ്യം കൈവരിയ്ക്കുന്നുണ്ട്. സലിൽ ചൌധരി ഇത്തരം സങ്കീർണ്ണശിൽ‌പ്പങ്ങൽ ഉണ്ടാക്കി എടുക്കുന്നതിൽ പ്രഗൽഭനാണ്. പാകീസ യിലെ “ചൽ തേ ചൽ തേ..” ഇതുപോലെ പല്ലവി മാറ്റിയെടുക്കുന്ന ഒരു ഉദാഹരണം.

കുമാറിനോട് :-
“പനിമതി മുഖി ബാലേ....” അനുപല്ലവി ആണ്. ചരണം അല്ല. “മനസി ദുസ്സഹമയ്യൊ..” പല്ലവി. അനുപല്ലവിയിൽ പാടിത്തുടങ്ങുന്നത് പതിവാണ്. ചരണങ്ങൾ “ലോക വാസികൾക്കെല്ലാം....”ഇന്നു വരുമെൻ കാന്തൻ...” ബാണത്രയത്താൽ തന്നെ...” ഒക്കെയാണ്.
“മോക്ഷമുഗലദാ....” (ത്യാഗരാജകൃതി) ചിലപ്പോൾ ചരണത്തിൽ നിന്നും തുടങ്ങാറുണ്ട് ചിലർ. “സാക്ഷാൽക്കാര..” എന്ന്.


7. ഇതാര്?

സൂചന:വയലാർ ഗർജ്ജിക്കുന്നു
ഉത്തരം : പി. ഭാസ്കരനും ഭാര്യയും.


8. ഏതു പാട്ടിന്റെ റെക്കോർഡിങ്?

സൂചന: ചെണ്ട
ഉത്തരം : “പൊലിയോ പൊലി …….” ചിത്രം: പല്ലാവൂർ ദേവനാരായണൻ
രവീന്ദ്രൻ മമ്മുട്ടിയെക്കൊണ്ട് വേറൊന്നും പാടിച്ചിട്ടുണ്ട്. “മഴയെത്തും മുൻപേ” ഇൽ ഒരു
Rap song ന്റെ ഭാഗം.

9. സാക്സോഫോൺ ധാരാളം ഉപയോഗിച്ചിട്ടുള്ള ഒരു മലയാളസിനിമാഗാനം?
സൂചന: വിദ്യാസാഗർ,യേശുദാസ്,സുജാത
ഉത്തരം : എന്നേ മറന്നോ പൊന്നേ…..ചിത്രം:എഴുപുന്ന തരകൻ. യേശുദാസ്. സുജാത. സംഗീതം=വിദ്യാസാഗർ. “ആ രാഗം…“(ക്ഷണക്കത്ത്) ഇലും സാക്സോഫോൺ ഉണ്ട്. പക്ഷെ ഇത്രയും ഇല്ല.  ആ ഉത്തരത്തിനു പകുതി മാർക്ക്.സാക്സോഫോൺ വളരെക്കുറച്ചേ മലയാളസിനിമാഗാനങ്ങളിൽ ഉപയോഗിച്ചിട്ടുള്ളു. ഏറ്റവും സമർത്ഥമായും പ്രകടമായും ഇത് “എന്നേ മറന്നോ പൊന്നെ” യിൽ തന്നെ (‘മിന്നും നിലാത്തിങ്കളായ്‘ ആദ്യപകുതി ഇതിന്റെ കോപ്പി). കീ ബോർഡല്ലാതെ യഥാർത്ഥ ഉപകരണം തന്നെയാണ് ഈ പാട്ടിൽ. ഒരു ജുഗൽബന്ദി എഫെക്റ്റ് വരെ ഉണ്ടാക്കി എടുത്തിട്ടുണ്ട് ഇവിടെ. അവിടവിടെ സ്വൽ‌പ്പം ഫ്ലൂട് കടന്നുവരുന്നതൊഴിച്ചാൽ സാക്സോഫോൺ തന്നെ പ്രമുഖ വാദ്യം. ഖരഹരപ്രിയ രാഗത്തിന്റെ സഞ്ചാരങ്ങളിൽ ഒഴുകി നീങ്ങുന്ന സാക്സോഫോൺ നാദത്തിനു ചുറ്റും പടർത്തി എടുത്ത വോക്കൽ എന്നു വേണമെങ്കിൽ പറയാം. “ആ രാഗം..“(ക്ഷണക്കത്ത്)ഇൽ സാക്സോഫോൺ നിബന്ധിച്ച് കമ്പോസ് ചെയ്യാനുള്ള ശ്രമം കാണാം.
‘നിർണ്ണയം’ സിനിമയിലെ “കുറിയങ്കം..” സാക്സോഫോൺ പാട്ടിൽ ചേർത്തിട്ടില്ല. പാട്ടു തുറ്റങ്ങുന്നതിനു മുൻപ് അതുമായി ബന്ധമില്ലാതെ ഒരു ചെറിയ പ്രകടനം എന്നെ പറയാവൂ. ‘നിറ’ ത്തിലെ ‘മിന്നിത്തെന്നും’ ഇൽ ഇതുപോലെ ആ‍്ദ്യം സാക്സോഫോൺ എന്നു തോന്നിപ്പിയ്ക്കുന്ന ഒരു ബിറ്റ് കേൾക്കാം. അത് 10 സെക്കൻഡ് മാത്രം. കീബോർഡ് പ്രയോഗമായിരുന്നിരിയ്ക്കാം, തെളിച്ചമില്ലാതെ പോയി.
“ധാരാളം” എന്ന് ചോദ്യത്തിലുണ്ട് എന്നതു ശ്രദ്ധിയ്ക്കുക.


10. ഈ പാട്ടുകൾ ഏതൊക്കെ? ചരണത്തിനു മുമ്പ് വരുന്ന ഓർക്കസ്ട്രേഷൻ ബിറ്റുകളാണിത്.
1.
ഡൗൺലോഡ് ഇവിടെ
സൂചന: കുട്ടിക്കഥ വരുന്ന പാട്ട്
ഉത്തരം : ഒരുനാൾ വിശന്നേറെ…

2.
ഡൗൺലോഡ് ഇവിടെ
സൂചന: മഞ്ജു വാര്യർ
ഉത്തരം : ഒരു രാത്രി കൂടെ വിട വാങ്ങവേ…



11.ബോണസ് ചോദ്യം (പകുതി ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല,നാല് ചോദ്യങ്ങൾക്കും ഉത്തരം ശരിയാക്കണം)


a.ഏതു ചിത്രത്തിന്റെ ലൊക്കേഷൻ? മറഞ്ഞ സംവിധായകൻ ആര്?

സൂചന: സുകുമാരിയേയും മുറിച്ചുമാറ്റിയിട്ടുണ്ട്.
ഉത്തരം :  പ്രേം പൂജാരി. ഹരിഹരൻ
.കുഞ്ചാക്കോ ബോബനും വിനീതും ഒന്നിയ്ക്കുന്ന മഴവില്ല് ആണോ എന്നു സംശയം ജനിപ്പിയ്ക്കാൻ സുകുമാ‍രിയുടെ ഭാഗം മാറ്റി. അതുപോലെ ശാലിനിയുടേയും.

b.ആരാണിത്?

ഡൗൺലോഡ് ഇവിടെ
സൂചന: “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ” പാടിയിട്ടുണ്ട്
ഉത്തരം : എം എസ് സുബ്ബലക്ഷ്മി
സുബ്ബലക്ഷ്മി പാടി അഭിനയിച്ച ‘മീര“ “ശകുന്തള’ ഒക്കെ വൻ ഹിറ്റ് സിനിമകളായിരുന്നു. ‘മീര’യിലെ “കാറ്റിനിലെ വരും ഗീതം” ആണു ഈ ക്ലിപ്പിൽ. സിനിമാ അഭിനയത്തിൽ നിന്നും കുറേ നാൾ വിട്ടു നിന്നിരുന്നു, രാജഗോപാലാചാരിയുടെ അഭിപ്രായപ്രകാരം. അതു കഴിഞ്ഞാണ് കച്ചേരിയുമായി,പാട്ടുകാരി മാത്രമായി രംഗപ്രവേശം. പണ്ടിറങ്ങിയ ഒരു ആൽബത്തിൽ “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ“ (ജ്ഞാനപ്പാന, പൂന്താനം) പാടിയിട്ടുണ്ട്. ബാഗെശ്രീ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം മലയാളികളല്ലാത്തവർക്കിടയിലും പ്രസിദ്ധമായി.



c.ഏതുപാട്ട്?



ഡൗൺലോഡ് ഇവിടെ
സൂചന: ഉണ്ണിമേനോൻ
ഉത്തരം ;  ചിന്നക്കുട്ടീ ഉറങ്ങീലേ/ഇണക്കിളീ….ചിത്രം ഒരു നോക്കു കാണാൻ


d.സത്യനും നസീറുമാണ് ഈ ചിത്രത്തിൽ.ചോദ്യം ഏതു സിനിമ,ഇവരുടെ കഥാപാത്രങ്ങളുടെ പേരെന്ത്.

സൂചന: തകഴി
ഉത്തരം :  അനുഭവങ്ങൾ പാളിച്ചകൾ. സത്യൻ=ചെല്ലപ്പൻ, പ്രേം നസീർ=ഗോപാലൻ

Sunday, November 1, 2009

MSL-ക്വിസ് - എപ്പിസോഡ്#2


പ്രിയരേ,മലയാളനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ആത്മാഹുതി ചെയ്തവരെ ഇന്ന്, സമസ്തകേരളത്തിന്റെ പിറവി ദിവസം അനുസ്മരിച്ചു കൊണ്ട്  വിനോദവും വിജ്ഞാനവും കൈകോർക്കുന്ന MSL Quiz ന്റെ രണ്ടാം എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്.

മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായി ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ തിങ്കളാഴ്ച്ച(2/11/2009‌) രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.ചൊവ്വാഴ്ച്ച (3/11/2009) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്യുന്നതാണ്.11മണിയോടു കൂടി മത്സരഫലത്തിന്റെ സ്കോർഷീറ്റ് പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.

ചോദ്യങ്ങൾ താഴെപ്പറയുന്നു.

1.ഈ ചിത്രത്തിലെ പശ്ചാത്തലസംഗീതമൊരുക്കുന്നതിൽ വിദേശികളായ വലിയ ഓർക്കെസ്ട്രേഷൻ സംഘം പങ്കെടുത്തിട്ടുണ്ട്. ഏതു മലയാള ചിത്രം?
ക്ലൂ : ഇളയരാജ
ഉത്തരം : കേരളവർമ്മ പഴശ്ശീരാജ
പഴശ്ശിരാജയിലാണ് ഓർക്കസ്ട്രേഷനു വളരെ വലിയ വിദേശസംഘത്തെ ഉപയോഗിച്ചിട്ടുള്ളത്. നൂറോളം വരുന്ന ഹംഗേറ്രിയൻ സിമ്ഫണി ഓർക്കെസ്ട്ര സംഘം. ഗുരുവിലും കാലാപാനിയിലും ഇളയരാജാ ചെറിയ സംഘങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതു ശരി തന്നെ. ആകാശഗോപുരം മുഴുവൻ ജോൺ അൽറ്റ്മാൻ ചെയ്തതാണ്. മലയാള സിനിമയിലെ പാശ്ചാത്തലസംഗീത നിർവ്വചനത്തിൽ ഇതു പെടുന്നെന്ന കാര്യം സംശയമാണ്. എന്നാലും ഗുരു, കാലാപാനി, ആകാശഗോപുരം എന്ന് ഉത്തരം പറഞ്ഞവർക്ക് പകുതി മാർക്ക് കൊടുക്കുന്നു.
2.ചില കർണ്ണാടക സംഗീത കീർത്തനങ്ങളുടെ പല്ലവികൾ അതേ പടിയോ അതിനു വളരെ സമാനമായോ മലയാളസിനിമാഗാനമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. താഴെപ്പറയുന്ന കീർത്തനങ്ങൾ ഏതൊക്കെ ഗാനങ്ങളായി? ( ഒരോന്നിനും ഒരോ മാർക്കാണ് )
  1. ഭാഗ്യദാ ലക്ഷ്മീ ബാരമ്മാ (ക്ലൂ ഇവിടെ )
  2. ശ്രീചക്രരാജസിംഹാസനേശ്വരീ (ക്ലൂ ഇവിടെ )
  3. കൃഷ്ണാ നീ ബേഗനേ ബാരോ (ക്ലൂ ഇവിടെ )
  4. ഹിമഗിരി തനയേ ഹേമലതേ ( ക്ലൂ ഇവിടെ)
  5. മാനസസഞ്ചരരേ ( ക്ലൂ ഇവിടെ)
ഉത്തരങ്ങൾ
ഭാഗ്യാദാ ലക്ഷ്മീ ബാരമ്മാ-വണ്ണാത്തിപ്പുഴയുടെ തീരത്ത്
ഹിമഗിരി തനയേ ഹേമലതേ-എന്തിനു വേറൊരു സൂര്യോദയം
മാനസ സഞ്ചരരേ-ആത്മവിദ്യാലയമേ
കൃഷ്ണാ നീ ബേഗനേ ബാരോ-ആകാശത്താമര പോലെ
ശ്രീചക്രരാജസിംഹാസനേശ്വരീ-സൂര്യകിരീടം വീണുടഞ്ഞു 

“കൃഷ്ണാ നീ ബേഗനേ ബാരോ” യ്ക്ക് അതു തന്നെ ഉത്തരമായി കൊടുത്തവരുണ്ട്. “കീർത്തനങ്ങൾ ഏതൊക്കെ ഗാനങ്ങളായി” എന്നാണു ചോദ്യം. “അതേ പടിയോ” എന്നു ചോദ്യത്തിൽ കാണുന്നത് അക്ഷരക്രമങ്ങളും ശാസ്ത്രീയകീർത്തനത്തെ പിന്തുടരുമ്പോഴാണ്. “ആത്മവിദ്യാ‍ലയമേ” ഉദാഹരണം. 

3.ഈ വീഡിയൊ ശകലത്തിലെ ഗാനവും ഒരു മലയാളം ബ്ലോഗറുമായി എന്തു ബന്ധം? 

ക്ലൂ :- “ ഉത്തമ പുരുഷൻ കഥ പറയുമ്പോൾ ” എന്ന കവിതാസമാഹാരം
ഉത്തരം : എഴുത്തുകാരനും ബ്ലോഗറുമായ മനോജ് കുറൂർ
വീഡിയോ ശകലത്തിലെ ഗാനവും ബ്ലോഗറുമായി എന്തു ബന്ധം എന്നാണു ചോദ്യം. പലരും ആ രംഗം എന്ന് മാറിച്ചിന്തിച്ചെന്നു തോന്നുന്നു. ആ സിനിമ മുഴുവനും യു ട്യൂബിൽ ഉണ്ട്. ടൈറ്റിൽ പേജ് ഒന്നു നോക്കിയാൽ മതിയായിരുന്നു. വ്യക്തമായി ആ ഗാനത്തിന്റെ ആദ്യ വരിയും മനോജ് കുറൂർ എന്നും എഴുതിയിട്ടുണ്ട്. വീഡിയൊ ക്ലിപ് ഇട്ടത് ആ സിനിമയിലേക്ക് വിരൽ ചൂണ്ടാനാണ്. 



4.ശരിയോ തെറ്റോ? എന്തുകൊണ്ട്? ( ഒരോന്നിനും ഒരോ മാർക്കാണ് )

A. മുരളി ആദ്യം അഭിനയിച്ച സിനിമ പഞ്ചാഗ്നി ആണ്.
B. “ഇല്ലിമുളം കാടുകളിൽ ലല്ലലലം പാടിവരും തെന്നലേ തെന്നലേ...

 അല്ലിമലർക്കാടുകളിൽ വല്ലികളിലൂയലാടും തെന്നലേ തെന്നലേ”
C.എം. ബി ശ്രീനിവാസൻ  മലയാളസിനിമയിൽ പാട്ടുപാടിയിട്ടില്ല.
D.ഒരു പാട്ടിൽത്തന്നെ  യേശുദാസും പി. സുശീലയും ചിത്രയും പാടിയ ഒരു സിനിമാഗാനമുണ്ട്..

E. ശ്രേയാ ഘോഷാൽ മലയാളസിനിമയിൽ ആദ്യം പാടിയത് ‘ബനാറസ്”‘ എന്ന ചിത്രത്തിലാണ്.
ഉത്തരങ്ങൾ
A.തെറ്റ്. ഞാറ്റടി ആണ് മുരളി ആദ്യം അഭിനയിച്ച ചിത്രം.മുരളിയുടെ ഞാറ്റടി പുറത്തിറങ്ങിയില്ല. ചിദംബരത്തിലും പഞ്ചാഗ്നിയിലും ഏകദേശം ഒരുമിച്ച് അഭിനയിച്ചു. ആദ്യം പുറത്തിറങ്ങിയത് പഞ്ചാഗ്നി ആണ്.. ഞാറ്റടി തന്നെ ആദ്യം അഭിനയിച്ച ചിത്രം.
B. തെറ്റ്.  “അല്ലിമലർക്കാവുകളിൽ വള്ളികളിൽ” എന്നാണ് ശരി.അതു പോലെ . “ഇല്ലി മുളം കാടുകളിൽ…” ചില തെറ്റിദ്ധാരണകൾ വിടാതെ പിൻതുടരുന്ന പാട്ടാണിത്. പ്രാസം ഒപ്പിയ്ക്കാൻ വേണ്ടി “അല്ലിമലർക്കാടുകളിൽ ‘ എന്നു പാടുന്നതു കേട്ടിട്ടുണ്ട്. മറ്റൊരു പ്രശ്നം “ഇല്ലി” ആണോ “ചില്ലി” ആണോ എന്നതാണ്. “ചില്ലി” എന്നാണ് ഒ. എൻ. വി. ഗാനസമാഹരത്തിൽ പോലും. പലടത്തും അച്ചടിച്ചിട്ടുള്ളതും നെറ്റിൽ ചിലടത്തും “ചില്ലി” എന്നു കാണാം. പക്ഷെ ശരി “ഇല്ലി” എന്നാണ്. വികടൻ നേരേ ഒ. എൻ. വി. യെ വിളിച്ചു. അദ്ദേഹത്തിന്റെ സ്വരത്തിൽ തന്നെ കേൾക്കാനായി : “ഇല്ലി” തന്നെ ശരി.
C.  തെറ്റ്.  കരളിന്റെ കരളിലെ (സ്വർഗ്ഗരാജ്യം)  സ്വപ്നങ്ങൾ സ്വപ്നങ്ങളേ (കാവ്യമേള) എന്ന പാട്ടിൽ “ഞാനറിയാതെന്റെ മാനസ ജാലക വാതിൽ …” എന്നതും പാടിയിട്ടുണ്ട്.

. എം. ബി. ശ്രീനിവാസൻ എന്നത് പലരും പി. ബി. ശ്രീനിവാസ് എന്നു തെറ്റിദ്ധരിച്ചിട്ടുണ്ട്.
ഇവർ രണ്ടു പേരും പാടുന്നതു കാണണോ? ഇവിടെ നോക്കുക.
 

D. ശരി. “ആലാപനം തേടും തായ് മനം.” (എന്റെ സൂര്യപുത്രിയ്ക്ക്)
E. തെറ്റ്. ശ്രേയാ ഘോഷാൽ ആദ്യം മലയാളസിനിമയിൽ പാടിയത് ബിഗ് ബി എന്ന സിനിമയിലാണ്.


5.അടൂർ ഭവാനിയും അടൂർ പങ്കജവും ഒരു സിനിമയിൽ ചേടത്തിയും അനുജത്തിയും ആയിത്തന്നെ അഭിനയിച്ചിട്ടുണ്ട്. ചിത്രം ഏത്?
ക്ലൂ : സംവിധാനം - ജയരാജ്
ഉത്തരം : കുടുംബസമേതം. നായകന്റെ ചിറ്റമ്മമാരായി. ഒന്നിച്ചു നടക്കുന്ന, അവിവാഹിതരായ സഹോദരികളായി.


6. ഈ പഴയ ചിത്രത്തിലെ പെൺകുട്ടികൾ  പിൽക്കാലത്ത് വൻ താരങ്ങളായി മാറി.ആരാണിവർ? 
ക്ലൂ : ഒരാൾ ഇന്ന് ജീവിച്ചിരിപ്പില്ല.
ഉത്തരം : രാഗിണി,സുകുമാരി.സുകുമാരിയുടെ വളരെ അപൂർവ്വമായ ഫോട്ടോ ആണത്. അവരുടെ “രാഗിണിയക്കൻ” പുറകിൽ.


7. ഒരു പാട്ടിന്റെ  പല്ലവിയിൽ വരുന്ന ബാക് ഗ്രൌണ്ട് മ്യൂസിക് ആണിത്. ഏതുപാട്ടിന്റെ അകമ്പടി ?  


ക്ലൂ : ഇവിടെയുണ്ട്
ഉത്തരം : പവിത്രത്തിലെ ശ്രീരാഗമോ എന്ന ഗാനം.ശ്രീരാ‍ഗമോ...യുടെ തുടക്കം ഓർക്കെസ്ട്ര വിശേഷപ്പെട്ടതാണ്. പല്ലവിയുടെ ആലാപനത്തിനു ഹാർമണൈസിങ്ങ് ചമയ്ക്കുന്നു ആ വീണയും ഫ്ലൂടുമൊക്കെ. പല്ലവിയ്ക്കു ശേഷമുള്ള വാദ്യവൃന്ദക്കലവികളും-‘പക്കാലാ..’ എന്നവസാനിയ്ക്കുന്നത്- അസാധാരണം. ആ ഭാഗം ചോദ്യത്തിലുൾപ്പെടുത്താൻ പ്ലാനുണ്ടായിരുന്നു. എളുപ്പം കണ്ടുപിടിയ്ക്കപ്പെടുമെന്നതിനാൽ മാറ്റി.

8. വാസ്തുഹാര, ഒരു വടക്കൻ വീരഗാഥ, പുലിജന്മം, തിരക്കഥ എന്നീ സിനിമകളിൽ അഭിനയിച്ച നടൻ  ആര്? സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.
ക്ലൂ : ദേവദൂതൻ എന്ന ചിത്രത്തിൽ വലിയ വേഷം ചെയ്തു.
ഉത്തരം : വിനീത് കുമാർ.വാസ്തുഹാര, ഒരു വടക്കൻ വീരഗാഥ, പുലിജന്മം, തിരക്കഥ എന്നീ സിനിമകളിൽ അഭിനയിച്ച വിനീത് കുമാർ ഒരു വടക്കൻ വീരഗാഥയിൽ ബാലനടനായി അഭിനയിച്ചതിനു സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.



9. മൂന്നു ഗാനരചയിതാക്കൾ, അഞ്ചോളം പ്രശസ്ത പാട്ടുകാർ,  സംഘഗാനങ്ങളിൽ അതിന്റെ പ്രത്യേകതയ്ക്കൊപ്പിച്ച് പാടാൻ കഴിയുന്ന പ്രഗൽഭർ.ഈ ചിത്രത്തിലെ ഏതെങ്കിലും രണ്ടു ഗാനങ്ങളുടെ ആദ്യ വരി എഴുതുക.
ക്ലൂ : നാടൻ പാട്ട് കലാകാരൻ കുട്ടപ്പനും പാടിയിട്ടുണ്ട്.
ഉത്തരം :ചിത്രം: പഴശ്ശിരാജാ. ഒ. എൻ. വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കാനേഷ് പൂനൂര് എന്നിവർ ഗാ‍നരചയിതാക്കൾ.  യേശുദാസ്, ചിത്ര, ഇളയരാജാ, എം. ജി. ശ്രീകുമാർ, വിധു പ്രതാപ്, സംഗീത ഇവരൊക്കെ പാടി. സംഘഗാനങ്ങളിൽ അവ്യ്ക്കു യോജിച്ച പാട്ടുകാർ. മാപ്പിളപ്പാട്ടു പാടാൻ  പ്രൊഫഷണൽ പാട്ടുകാരായ അഷ്രഫ് തായിനേരി, എടവണ്ണ ഗഫൂർ, റഫീക്ക് ഉപ്പള, ഫൈസൽ എളേറ്റിൽ, കൃഷ്ണനുണ്ണി എന്നിവർ. “അമ്പും കൊമ്പും” എന്ന നാടൻ പാട്ടിൽ അതിൽ നിപുണനായ കുട്ടപ്പനും മറ്റു നാടൻ പാട്ടുകാരുമുണ്ട്.
പാട്ടുകൾ :-1.അമ്പും കൊമ്പും കൊമ്പൻ കാറ്റും
2.ആലമടങ്കലമൈത്തവനല്ലേ
3.ആദിയുഷസ്സന്ധ്യ പൂത്തതിവിടെ
4.കുന്നത്തെക്കൊന്നയ്ക്കും പൊന്മോതിരം


10.രണ്ടു വീഡിയോ ക്ലിപ്പുകൾ കൊടുത്തിരിയ്ക്കുന്നു. പാട്ടും സിനിമയും കണ്ടെത്തുക.
ഒന്നാം ക്ലിപ്പ് : ( അഞ്ച് മാർക്ക് ) ക്ലൂ : സംവിധാനം സിബി മലയിൽ
ഉത്തരം : ഒരു പൂവിരിയുന്ന സുഖമറിഞ്ഞു.ചിത്രം: വിചാരണ.
ശോഭന ഒരുപാട് ഒരുപാട് സിനിമകളിൽ നൃത്തം ചെയ്തിട്ടുള്ളത് നമ്മൾ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് അവരുടെ ഒരു നൃത്തരംഗം ഏതാണെന്നു കണ്ടു പിടിയ്ക്കൽ എളുപ്പമല്ല. രണ്ടാമത്തെ ക്ലിപ്പിൽ ജയറാമിന്റെ ഒരു ഷോട് ഒരു ക്ലു ആ‍യി ഇട്ടതാണ്. അതു വേണ്ടെന്നായിരുന്നു ഞങ്ങളുടെ ആദ്യ തീരുമാനം. പക്ഷെ ഈ ക്ലു വഴി ‘മാനസനിളയിൽ’ എന്നു പിടി കിട്ടി സന്തോഷിച്ചവരെ പ്രയാസമുള്ള ആദ്യത്തെ ക്ലിപ്പിനെക്കുറിച്ച് തലപുകയ്ക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ഉദ്ദേശം. അതുകൊണ്ട് രണ്ടാം ക്ലിപ്പിനു മാർക്കു കുറച്ചു. ആദ്യ ക്ലിപ്പിലെ അവസാനം ശോഭനയുടെ ചുണ്ടുകളുടെ വിന്യാസം ശ്രദ്ധിച്ചാൽ “എല്ലാം എല്ലാം ഞാനറിഞ്ഞു” എന്നാണെന്നു കാണാം. അതും ആദ്യം വിട്ടുകളഞ്ഞിട്ട് പിന്നെ ചേർത്തതാണ്.



രണ്ടാം ക്ലിപ്പ് : ( മൂന്നു മാർക്ക് ) ക്ലൂ : ഊമയായ നായിക
ഉത്തരം : മാ‍നസനിളയിൽ എന്ന ഗാനം : ചിത്രം ധ്വനി 



11. ബോണസ് ചോദ്യം
A) 1 ൽ നിന്നും   അനുയോജ്യമായതു  2 യിൽ നിന്നും തെരഞ്ഞെടുക്കുക:
ചേരും പടി ചേർക്കുകയാണു വേണ്ടതെങ്കിലും ഇത് ഒരു  Jigsaw  puzzle പോലെയാണ്. പലതിനും ഒന്നിലധികം ചേർച്ചകൾ തോന്നുമെങ്കിലും  അതിൽ ഒന്നുമാത്രം ചേർന്നാലേ പസിൽ പൂർണ്ണമാകുകയുള്ളു. മമ്മുട്ടി-പഴശ്ശിരാജാ  എന്നൊക്കെ യുക്തിസഹമായി ചേർത്തെഴുതാമെങ്കിലും അങ്ങനെ ചെയ്യുമ്പോൾ മറ്റു പലതും മിച്ചം വരുകയോ ചിലതിനു ചേർച്ചയുള്ള വാക്ക് ഇല്ലാതെ വരികയും ചെയ്യും.  ഒന്നും മിച്ചം വരാതെ പൂർണ്ണമാക്കുക.
(ശ്രദ്ധിയ്ക്കുക: പഴശ്ശിരാജാ-പഴശ്ശിരാജാ എന്നത് ഒരു ശരി ഉത്തരമല്ല)



    1                                                2

പിയാനോ                                  കയ്യൊപ്പ്
തമിഴ് സിനിമയിൽ തുടക്കം            ഗോപാലൻ
ദിലീപ്                                     വരാഗൈ നദിക്കരയോരം
റഹ് മാൻ                                 ദേവാനന്ദ്
ആർ. കെ ശേഖർ                       വഹീദ റഹ് മാൻ
ഗൈഡ്                                    പഴശ്ശിരാജാ
തലത്ത് മെഹ് മൂദ്                      കൂടെവിടെ
മമ്മുട്ടി                                     എ. ആർ റഹ് മാൻ
പഴശ്ശിരാജാ                             തേരിറങ്ങും മുകിലേ
ശരിയായ ഉത്തരം


പിയാനോ-----തേരിറങ്ങും മുകിലേ
തമിഴ് സിനിമയിൽ തുടക്കം----വഹീദ റഹ് മാൻ
ദിലീപ്----എ. ആർ. റഹ് മാൻ
റഹ് മാൻ-----വരാഗൈ നദിക്കരെയോരം
ആർ. കെ. ശേഖർ----പഴശ്ശിരാജാ
ഗൈഡ്----ദേവാനന്ദ്
തലത് മെഹ് മൂദ്-------കയ്യൊപ്പ്
മമ്മുട്ടി------കൂടെവിടെ
പഴശ്ശിരാജാ-----ഗോപാലൻ.


ആഴമുള്ള അറിവുള്ളവർക്കു മാത്രം (‘നെറ്റിൽ തപ്പാൻ മിടുക്കുള്ളവർക്ക്’ എന്നു വേണോ പറയാൻ?) അല്ലാതെ സാമാന്യജ്ഞാനമുള്ളവർക്ക് സാമർത്ഥ്യം കൊണ്ട് ഉത്തരം കണ്ടെത്താവുന്ന ചോദ്യമായിരുന്നു. ഇത്. ഒന്നിനോടു ചേരുന്ന മൂന്നു ജോടി വരെ കാണാമെങ്കിലും ചില സൂക്ഷ്മതകൾ കൊണ്ട് ഏറ്റവും അനുയോജ്യമായത് കണ്ടു പിടിയ്ക്കാൻ പറ്റും. ‘തലത് മെഹ് മൂദ്’ നോടു യോജിയ്ക്കുന്ന ഒന്നും, ‘കയ്യൊപ്പ്’ അല്ലാതെ മറ്റെ വിഭാഗത്തിൽ ഇല്ല. (‘ദേവാനന്ദ്‘ എന്നെഴുതിയ വിരുതന്മാരും ഉണ്ട്). ഒരു ഹിന്ദി പാട്ട് അതേ പടി മലയാളം സിനിമയിൽ ചേർത്തത് ആദ്യമായി കയ്യൊപ്പിലാണ്. അതും പ്രസിദ്ധമായ “ജൽതെ ഹൈ ജിസ് കേലിയേ…” വൻ സംഭവം തന്നെ ഇത്. ഈ ചേർച്ച കണ്ടു പിടിച്ച് തുടങ്ങിയാൽ ബാക്കി ഒക്കെ യഥാസ്ഥാനങ്ങളിൽ വച്ച് പസിൽ പണിഞ്ഞെടുക്കാൻ എളുപ്പമാകും. വഹീദ റഹ്മാനോട് ‘ഗൈഡ്‘ ചേരും, പക്ഷെ അപ്പുറത്ത് ദേവാനന്ദ് തനിച്ചാവും. റഹ് മാനു ‘കൂടെവിടെ’ കൊടുത്താൽ “വരാഗൈ… പാടാൻ ആരുമില്ലാതാവും. പിയാനോ എറ്റവും കൂടുതലായും സമർത്ഥവുമായി ഉപയോഗിച്ചിടുണ്ട് “തേരിറങ്ങും മുകിലേ’ എന്ന പാട്ടിൽ. ദിലീപ് പാടുന്ന പാട്ട് എന്നതിനേക്കാൾ ഈ പ്രത്യേകതയാണ് അതിന്റെ വിശേഷം. (പൂവുകൾക്ക് പുണ്യകാലം, മായാജാലക വാതിൽ തുറക്കും ഒക്കെ പിയാനോ നന്നായി ഉപയോഗിച്ച് കമ്പോസ് ചെയ്ത ഗാനങ്ങൾ)
പല കട്ടകൾ വരച്ച് അതിൽ വാക്കുകളെഴുതി ഒരു നിശ്ചിത പാറ്റേൺ ഉണ്ടാക്കിയെടുക്കുന്ന തരത്തിൽ ചോദ്യം രൂപീകരിയ്ക്കാനായിരുന്നു ആദ്യ പ്ലാൻ. പണി നടന്നില്ല.
ഇതിനു ശരിയുത്തരം നൽകിയവർക്ക് ഞങ്ങളുടെ പ്രത്യേക അഭിനന്ദനങ്ങൾ. 




12.ബോണസ് ചോദ്യം ( പകുതി ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല )

 രണ്ടു സിനിമകളിലെ സംഭാഷണം കൊടുത്തിരിക്കുന്നു.

ഒന്നാം ക്ലിപ്പ് :  (ഒരാൾ ഡബ്ബിംഗ് ചെയ്തിട്ടുണ്ട്.മറ്റേ ആളുടെ ശബ്ദവും ചിത്രവും കണ്ടെത്തുക.)
ക്ലൂ : കവിയൂർ പൊന്നമ്മ
ഉത്തരം : ശ്രീവിദ്യ,ചിത്രം : തിങ്കളാഴ്ച്ച ഒരു നല്ല ദിവസം.അമ്മകേന്ദ്രീകൃതമായ ചുരുക്കം സിനിമകളിലൊന്നാണ് ‘’തിങ്കളാഴ്ച്ച നല്ല ദിവസം’. അതിലെ ശ്രീവിദ്യ കഥാപാത്രത്തിന്റെ ഈ ഭാഷണശകലം സിനിമ ഉയർത്തുന്ന ചോദ്യം തന്നെയാണ്.



രണ്ടാം ക്ലിപ്പ് : ( ഈ ശബ്ദം ആ‍രുടേതാണെന്ന് പറയുക.ഏത് ചിത്രമെന്നും.)
ക്ലൂ : നെടുമുടി വേണു
ഉത്തരം : ഭരത് ഗോപി.    ചിത്രം: കള്ളൻ പവിത്രൻ.ഒരാൾ കള്ളനാവുന്നതിന്റെ ചില പശ്ച്ചാത്തലങ്ങൾ. സിനിമയിലെ ഒരു പ്രധാന ഡയലോഗ്.




സ്കോർ ഷീറ്റ് ഇവിടെ കൊടുത്തിട്ടുണ്ട്. ദയവായി തിരുത്തുകളോ മാറ്റങ്ങളോ ഉണ്ടെങ്കിൽ അറിയിക്കുക. ആദ്യ ക്വിസിന്റെ സ്കോർ ഉൾപ്പടെ മാറ്റങ്ങളോടെയുള്ള പുതുക്കിയ ഫൈനൽ സ്കോർ ഷീറ്റ് വെള്ളിയാഴ്ച്ച പബ്ലീഷ് ചെയ്യാമെന്ന് കരുതുന്നു.

Sunday, October 25, 2009

MSL-ക്വിസ് - എപ്പിസോഡ്#1


പ്രിയരേ.. ക്വിസിന്റെ ആദ്യ എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്.

ഈ എപ്പിസോഡിൽ മുൻപവതരിപ്പിച്ച പൊതുവായ നിർദ്ദേശങ്ങൾ അല്ലാതെയുള്ള നിർദ്ദേശങ്ങൾ താഴെപ്പറയുന്നു.

  • ചൊവ്വാഴ്ച്ച (27/10/09)ഇന്ത്യൻ സമയം രാത്രി 9 മണി വരെ കമന്റ് മോഡറേഷൻ ഉണ്ടായിരിക്കും.
  • ആവശ്യമെങ്കിൽ ഉത്തരങ്ങൾക്കുള്ള സഹായം തിങ്കളാഴ്ച്ച ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ചേർക്കും.
പ്രിയരേ,
ക്വിസ്സിന്റെ ആദ്യ എപ്പിസോഡ് അന്ത്യദശയോടടുക്കുകയാണ്.മിക്ക മത്സരാർത്ഥികളും മികച്ച പ്രകടനമാ‍ണ് കാഴ്ച്ചവെക്കുന്നത്.ക്ലൂ ഇല്ലാതെത്തന്നെ എല്ലാ ഉത്തരങ്ങളും തരാൻ മിടുക്കുള്ളവരാണു നെറ്റിലെ മിടുക്കന്മാരും മിടുക്കികളും.അതു കൊണ്ട്,ക്ലൂ ചില ചോദ്യങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുകയാണ്.
ചോദ്യം നമ്പർ: 2,3,11ലെ രണ്ടു ചിത്രങ്ങൾ-എന്നിവയ്ക്ക് ക്ലൂ നൽകിയിട്ടുണ്ട്.ക്ലൂ പ്രസിദ്ധീകൃതമായതിനു ശേഷം വന്ന ഉത്തരങ്ങളിൽ പ്രസ്തുത ഉത്തരങ്ങൾക്ക് ലഭിക്കുന്നത് പകുതി മാർക്ക് ആയിരിക്കും.
ചില ചോദ്യങ്ങൾ ചില മത്സരാർത്ഥികളിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.പ്രസ്തുത ചോദ്യങ്ങളുടെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി അതാതു ചോദ്യങ്ങളുടെ ചുവടെ ആവശ്യമായ വിശദീകരണങ്ങൾ അപ്‌ഡേറ്റ് ആയി ചേർത്തിരിക്കുന്നു.പ്രസ്തുത അപ്‌ഡേറ്റുകൾ നോക്കി,ഉത്തരം എഴുതുന്നവർക്ക് മുഴുവൻ മാർക്ക് തന്നെ ലഭിക്കുന്നതാണ്.അപ്‌ഡേറ്റുകൾ നോക്കി ഉത്തരം എഴുതുന്നതു കൊണ്ട് മാർക്ക് കുറയുകയില്ല.പക്ഷേ,ക്ലൂ കൊടുത്തിട്ടുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക് പകുതി മാർക്കേ ലഭിക്കൂ.അപ്‌ഡേറ്റും,ക്ലൂവും കൊടുത്തിട്ടുള്ള മൂന്നാമത്തെ ചോദ്യത്തിന് ഇനി ഉത്തരം പറയുന്നവർക്കും മുഴുവൻ മാർക്ക് ലഭിക്കുന്നതാണ്.വിവരങ്ങളൊക്കെ വിരലറ്റത്തുള്ള ലോകത്തു നടക്കുന്ന ഈ പ്രശ്നോത്തരിയുടെ ആദ്യ അദ്ധ്യായത്തിൽ വന്ന സങ്കീർണ്ണതകളും ആശയക്കുഴപ്പങ്ങളും സ്വാഭാവികം മാത്രമാണ്.തുടർന്നുള്ള അദ്ധ്യായങ്ങളിൽ അവ നൽകിയ പാഠങ്ങൾ ഏതു ക്വിസ് പാനലിനും ഉപകാരപ്രദമായിരിക്കും.ചില ചോദ്യങ്ങൾക്ക് പല ഉത്തരങ്ങളുണ്ട്.അവ മത്സരാർത്ഥികളുടെ ബഹുസ്വരതയാർന്ന,ആഴവും പരപ്പുമുള്ള അറിവുകളെ മാനിച്ചു തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്.
ക്ലൂ,അപ്‌ഡേറ്റ് എന്നിവ സസൂക്ഷ്മം വായിച്ചുനോക്കി,തുടന്നുള്ള മത്സരനിമിഷങ്ങളെക്കൂടി ഉപയോഗപ്പെടുത്തുക.കതിരവൻ നേരത്തേ കമന്റിൽ കൂടി നൽകിയ വിശദീകരണങ്ങൾ കൂടി വായിക്കുമല്ലോ.

ചോദ്യങ്ങൾ

1.അവാർഡു കിട്ടിയതടക്കം നിരവധി പാട്ടുകളുള്ള ഈ സിനിമയിലെ ഒരു ഗാനവും നായക കഥാപത്രം പാടുന്നില്ല. ഏതു സിനിമ?
അപ്ഡേറ്റ് : “നായക കഥാപാത്രം“ (a person in a lead role) ആണോ പെണ്ണോ ആകാം.
2.ഗായകനാകാൻ മദ്രാസിലെത്തിയ രവീന്ദ്രൻ പിന്നീട് സംഗീതസംവിധായകനായിത്തീരുകയാണുണ്ടായത്. ഇതേ മോഹത്തിൽ മദ്രാസിൽ എത്തിയ മറ്റൊരു പാട്ടുകാരനും സംഗീതസംവിധായകനായിട്ടുണ്ട്. ആരാണദ്ദേഹം?
ക്ലൂ :) - സിനിമാ സംവിധായകൻ പവിത്രൻ

3. ജി. വേണുഗോപാൽ ആദ്യമായി ഹിന്ദിയിൽ പാടിയ പാട്ട്? ചിത്രം?
അപ്ഡേറ്റ് : -വേണുഗോപാൽ ഒരു ഇന്ത്യൻ ഇംഗ്ലീഷ് ചിത്രത്തിൽ ആദ്യം പാടിയ പാട്ട് എന്ന് എഴുതേണ്ടിയിരുന്നു. ഈ ചോദ്യത്തിനു ഉത്തരമെഴുതിയവർക്ക് പോയിന്റു നഷ്ടപ്പെടാതെ മാറ്റിയെഴുതാം.
ക്ലൂ :) - സിനിമാ സംവിധായകൻ വി കെ പ്രകാശ്

4. “ചങ്ങഴി മുത്തുമായ്” (ലൌഡ് സ്പീക്കർ), “കോലക്കുഴൽ വിളി കേട്ടോ രാധേ“ (നൈവേദ്യം), “നാവാ മുകുന്ദ ഹരേ “ (ദേശാടനം) ഇവയ്കെല്ലാം പൊതുവേ ഉള്ള ഘടകം?
5. ഒരു പ്രശസ്ത പാട്ടിന്റെ തുടക്കമാണിത്. എതു പാട്ട്?
പാട്ട് താഴെക്കാണുന്ന പ്ലേയർ വഴിയോ ഡൗൺലോഡ് ലിങ്ക് വഴിയോ ലഭ്യമാണ്.

ഡൗൺലോഡ് ഇവിടെ
6.”ക” എന്ന അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകളിലാണ് ഈ പാട്ടിന്റെ എല്ലാ വരികളും ആരംഭിയ്ക്കുന്നത്. ഏതാണീ ഗാനം?

7.ഈ രാഗത്തിൽ ദേവരാജൻ ഒരു പാട്ടുപോലും കമ്പോസ് ചെയ്തിട്ടില്ല,ഒരു വെല്ലുവിളി എന്നോണം രവീന്ദ്രൻ പല ഗാനങ്ങളും ചിട്ടപ്പെടുത്തി. ഏതു രാഗം?

8. ഈ ഗാനചിത്രീകരണത്തിന്റെ ലൊക്കേഷൻ ഏതാണ്? (still photo).സ്ഥലം,കെട്ടിടം എന്നിവയാണ് ചോദ്യം.രണ്ടും പറയുന്നവർക്ക് ഫുൾ മാർക്ക്.


9. ഈ സംഗീതസംവിധായകന്റെ പ്രിയ സംഗീതോപകരണം ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലെ നായകനും പരിചയം. ആരാണിദ്ദേഹം?എന്ത് ഉപകരണം?
10. താഴെക്കാണുന്ന വീഡിയോ ശകലം ഏതു പാട്ടിന്റെ ചിത്രീകരണം ആണ് ? ഗാനമാണ് കണ്ടെത്തേണ്ടത്.


11.ഇത് ഒരു ബോണസ് ചോദ്യമാണ്.സാധാരണ ചോദ്യത്തിൽ നിന്നും ഇരട്ടിമാർക്കാണ് ഇതിനുള്ളത്. താഴെക്കാണിച്ചിരിക്കുന്നത് രണ്ട് പ്രശസ്ത ഗാനങ്ങളുടെ ചിത്രീകരണത്തിനിടയിൽ വരുന്ന രംഗങ്ങളാണ്.പുറം തിരിഞ്ഞിരിക്കുന്ന/മുഖം വ്യക്തമല്ലാത്ത നടിമാരാണ് ഉത്തരത്തിലേക്കുള്ള നിങ്ങളുടെ കുറുക്കുവഴി.ഈ ഗാനങ്ങളാണ് കണ്ടെത്തേണ്ടത്.പകുതി ഉത്തരങ്ങള്‍ പരിഗണിക്കുന്നതല്ല.രണ്ട് ഉത്തരങ്ങളും ശരിയാക്കിയാല്‍ മാത്രമേ ഇതിന് മാര്‍ക്ക് അനുവദിക്കുകയുള്ളു.
ക്ലൂ :) - ചിത്രം ഒന്ന് : എം ബി ശ്രീനിവാസൻ - സംഗീത സംവിധായകൻ
ക്ലൂ :) - താഴത്തെ ചിത്രം : രവീന്ദ്രൻ - സംഗീത സംവിധായകൻ




അങ്ങനെ പുത്തരിയങ്കം പൂർത്തിയായിരിക്കുകയാണ്. വാശിയേറിയ പോരാട്ടം കാഴ്‌ച്ചവെച്ച,എല്ലാ മിടുക്കരും മിടുക്കികളുമായ മത്സരാർത്ഥികൾക്ക് പാനലിന്റെ അഭിനന്ദനങ്ങൾ!
ഈ കന്നിയങ്കം അങ്കം കുറിച്ചവർക്കും,നടത്തിയവർക്കും ഒരുപോലെ പാഠമായിരുന്നു. ഏതു ചോദ്യങ്ങളേയും നേരിടാൻ കരുത്തുള്ള മത്സരാർത്ഥികളുടെ പ്രകടനങ്ങൾ കണ്ട ഈ ആദ്യമത്സരത്തിനു ലഭിച്ച പങ്കാളിത്തവും സഹകരണവും നമ്മുടെ തുടർപ്രവർത്തനങ്ങൾക്ക് ധാതുവീര്യമാകുന്നു.


ശരിയുത്തരങ്ങൾ താഴെ നൽകുന്നു.

1)ഒരു വടക്കൻ വീരഗാഥ,കളിയാട്ടം,ഒരേ കടൽ.
2)വിദ്യാധരൻ.
3) ഫ്രീകി ചക്ര. “നാ ചാഹിയേ മുഝേ കോയീ…”
4)ഈ പാട്ടുകൾ പാടിയത് പാട്ടുകാരുടെ മക്കൾ. “ചങ്ങഴി മുത്തുമായ്-മിൻ മിനിയുടെ മകൻ അലൻ, “കോലക്കുഴൽ വിളി…” വിജയ് യേശുദാസും ശ്വേതാ മോഹനും, “ നാ‍വാ മുകുന്ദാ ഹരേ” കൈതപ്രത്തിന്റെ മകൻ ദീപാങ്കുരൻ.
5)സന്ധ്യേ…കണ്ണീരിതെന്തേ…
6) കൽ‌പ്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും…പിന്നെ വരുന്നതൊക്കെ “ക” വാക്കുകൾ
7)ഹംസധ്വനി ,രീതിഗൌള.
8)കോട്ടയം സി. എം. എസ് കോളേജ് കെമിസ്ട്രി ലാബ്.
9)ഔസേപ്പച്ചൻ. വയലിൻ
10)സൌപർണ്ണികാമൃത വീചികൾ….”-
11)a)ചൈത്രം ചായം ചാലിച്ചു-ചില്ല്.
b)നാണമാവുന്നോ മേനി നോവുന്നോ-ആട്ടക്കലാശം.


നിങ്ങളുടെ സ്കോർ ഷീറ്റ് ഇവിടെക്കാണാം.

Friday, October 23, 2009

വരുന്നൂ വീണ്ടും ക്വിസ് മത്സരം..!!


മലയാളഗാനശേഖരത്തിൽ ആരംഭിച്ച “നുറുങ്ങുകൾ” എന്ന ആശയം ഒരു പുതിയ വഴിത്തിരിവിലേക്കെത്തുകയാണ്. വിവരശേഖരണത്തിനോടൊപ്പം,അത് കൂടുതൽ സുതാര്യമായി സംഗീത/സിനിമാ സ്നേഹികളുമായി പങ്കു വയ്ക്കുക എന്ന ലക്ഷ്യത്തെ മുൻ‌നിർത്തി വിജ്ഞാനവും വിനോദവും കൈകോർക്കുന്ന ഒരു ക്വിസ് പരമ്പര “MSL-Quiz“ എന്ന പേരിൽ ഇവിടെ ആരംഭിക്കുകയാണ്.ഗാനശേഖരത്തിനു പിന്നിലെ അണിയറപ്രവർത്തകരാണ് ഇത്തരമൊരാശയത്തിന്റെ സാക്ഷാത്ക്കാരത്തിനായി പ്രവർത്തിക്കുന്നത്.ഓരോആഴ്ച്ചയും ഒരോ എപ്പിസോഡുകളും എല്ലാ 10 എപ്പിസോഡുകൾക്ക് ശേഷം സമ്മാനദാനവുമാണ് ഒരോ സീസണിലുമായി നടക്കുവാൻ പോകുന്ന ഈ ക്വിസിന്റെ പ്രത്യേകത.ഇന്റർനെറ്റ് മലയാളത്തിന് ഏറെ അഭിമാനകരവും പുസ്തകപ്രേമികൾക്ക് ഏറെപരിചിതവുമായ ഇന്ദുലേഖ.കോം എന്ന വെബ്ബ് കൂടി ഈ സംരംഭത്തിൽ അണിചേരുന്നു.ബ്ലോഗിൽ മുൻപ് നടത്തപ്പെട്ടിട്ടുള്ള ഗോമ്പറ്റീഷൻ ക്വിസ് മത്സരങ്ങൾ ഇത്തരമൊരു സംരംഭത്തിനു പ്രചോദനമായിട്ടുണ്ട്.

ആദ്യത്തെ പത്ത് എപ്പിസോഡിനു ശേഷം പോയിന്റുകൾ കണക്കാക്കി ഒന്ന്,രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമ്മാനവും നൽകുന്നു.


ഒന്നാം സമ്മാനം : - ഇന്ദുലേഖ.കോമിൽ നിന്ന് 2000 രൂപയുടെ പുസ്തകങ്ങളും ഇന്ദുലേഖയുടെ പന്ത്രണ്ട് വർഷത്തെ ബുക്ക് ക്ലബ് മെമ്പർഷിപ്പും
രണ്ടാം സമ്മാനം :- ഇന്ദുലേഖ.കോമിൽ നിന്ന് 1000 രൂപയുടെ പുസ്തകങ്ങളും ഇന്ദുലേഖയുടെ പന്ത്രണ്ട് വർഷത്തെ ബുക്ക് ക്ലബ് മെമ്പർഷിപ്പും.

ക്വിസ് എപ്പിസോഡുകൾക്ക് പൊതുവിലുള്ള നിർദ്ദേശങ്ങൾ :-
1.‘സംഗീതം/സിനിമ എന്നീ മേഖലകളില്‍ നിന്ന് എല്ലാ ആഴ്ച്ചയും ആകെ പത്തു ചോദ്യങ്ങൾ ഒന്നോ രണ്ടോ എപ്പിസോഡുകളിലായി ഉണ്ടാവും‘.ഓഡിയോ,വീഡിയോ ക്ലിപ്പുകൾ,ചിത്രങ്ങൾ എന്നിവയൊക്കെ ക്വിസിന്റെ ചോദ്യങ്ങളാവാം.
2.ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഉത്തരങ്ങൾ കമന്റുകളായി ഇടണം. പക്ഷെ ഈ ബ്ലോഗില്‍ അനോണിമസ് കമന്റ് ഓപ്‌ഷന്‍ ഇല്ല എന്നറിയുക. കമന്റെഴുതാന്‍ ആവശ്യമായ ഗൂഗിള്‍ അക്കൌണ്ടോ,ഗൂഗിള്‍ അനുവദിച്ചിരിക്കുന്ന മറ്റ് അക്കൌണ്ടുകളോ ഉള്ള ആര്‍ക്കും ഉത്തരം എഴുതാവുന്നതാണ്.
3. ചോദ്യങ്ങൾ ഇട്ടതിനു ശേഷം വരുന്ന ആദ്യത്തെ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഉത്തരങ്ങൾ നലകണം. ഈ ദിവസപരിധി ചോദ്യങ്ങൾക്കൊപ്പം തന്നെ അറിയിക്കുന്നതാണു്. ഈ നിർദ്ദിഷ്ടദിവസങ്ങളിൽ ഉത്തരങ്ങളടങ്ങിയ കമന്റുകൾക്ക് മോഡറേഷൻ ഉണ്ടായിരിക്കും.
4.മത്സരം തുടങ്ങി മോഡറേഷന്റെ ഒന്നാം ദിവസത്തിനു ശേഷം ആവശ്യമെങ്കിൽ ക്ലൂ (സൂചന) തരുന്നതായിരിക്കും.
5.കമന്റ് മോഡറേഷന്‍ സമയത്ത് ക്ലൂ തരുന്നതിനു മുമ്പ് നൽകുന്ന ശരിയായ ഓരോ ഉത്തരത്തിനും 5 പോയിന്റ് ലഭിക്കും. സൂചന തന്നതിനുശേഷം മോഡറേഷന്‍ അവസാനിക്കുന്നതിനു മുമ്പ് കിട്ടുന്ന ശരിയുത്തരങ്ങൾക്കു് 2 പോയിന്റ് ലഭിക്കുന്നതാണ്. മോഡറേഷന്‍ കഴിഞ്ഞ് ഉത്തരങ്ങളടങ്ങിയ കമന്റുകള്‍ പ്രസിദ്ധപ്പെടുത്തും. ആ സമയത്തും ആരിൽ നിന്നും ശരിയായ ഉത്തരങ്ങൾ കിട്ടിയിട്ടില്ലെങ്കിൽ അതിനുശേഷം ആദ്യം ഉത്തരമെഴുതുന്ന മൂന്നു പേര്‍ക്ക് ഓരോ പോയിന്റ് വീതം ലഭിക്കും. ഇതിനു മോഡെറേഷൻ ഉണ്ടാവില്ല.
6.മോഡറേഷന്‍ സമയത്ത് ക്ലൂവിനു മുമ്പ് ഉത്തരം എഴുതിയവര്‍ക്ക് ക്ലൂ വന്നതിനുശേഷം വേണമെങ്കില്‍ ഉത്തരം മാറ്റിയെഴുതാവുന്നതാണു് - ഉത്തരം ശരിയാണെങ്കിൽ 2 പോയിന്റ് കിട്ടും. എന്നാല്‍ മോഡറേഷന്‍ സമയത്ത് ഉത്തരമെഴുതിയവര്‍ മോഡറേഷന്‍ മാറ്റിയതിനുശേഷം (അതായതു് ഉത്തരം നൽകാനുള്ള സമയപരിധി കഴിഞ്ഞതിനു ശേഷം) ശരിയുത്തരം എഴുതിയാല്‍ പോയിന്റൊന്നും ലഭിക്കുകയില്ല. അതുപോലെ ഒന്നില്‍കൂടുതല്‍ തവണ ഉത്തരം മാറ്റി എഴുതിയാലും പോയിന്റുകള്‍ ലഭിക്കില്ല. അതായതു് ഒരാള്‍ക്ക് ഒരേ ഒരു തവണമാത്രമേ ഉത്തരം മാറ്റിപ്പറയാന്‍ അവകാശമുണ്ടായിരിക്കുകയുള്ളൂ - മോഡറേഷനിലും, അല്ലാതെയും.
7. കമന്റ് മോഡറേഷന്‍ അവസാനിച്ച് ഒരു നിശ്ചിത സമയത്തിനുള്ളിൽ ശരിയുത്തരം പ്രസിദ്ധപ്പെടുത്തും.അതോടൊപ്പം ഗ്ലോബൽ സ്കോർഷീറ്റ് അപ്ഡേറ്റ് ചെയ്യുന്നതുമാണ്.
8. ഫൈനൽ മത്സരത്തിനു സമനില വരികയാണെങ്കിൽ അവരിൽ നിന്നും വിജയിയെ കണ്ടെത്താൻ ഒരു മത്സരവും കൂടി ഉണ്ടായിരിക്കും.
9.മോഡറേഷൻ - വ്യവസ്ഥകൾ എല്ലാ എപ്പിസോഡുകളിലും ഒരേ പോലെയാവണമെന്നില്ല.പൊതുവായ നിർദ്ദേശങ്ങളിൽ മാറ്റമുണ്ടെങ്കിൽ അത് ഒരോ എപ്പിസോഡിനോടൊപ്പവും അവതരിപ്പിക്കുന്നതാണ്.
10.ക്വിസ് മാസ്റ്ററിന്റെ തീരുമാനം അന്തിമമായിരിക്കും.

MSL-Quizന്റെ ആദ്യത്തെ എപ്പിസോഡ് ഈ വരുന്ന ഞായറാഴ്ച്ച(25/10/09) ആരംഭിക്കുകയാണ്.
എപ്പിസോഡ് ക്വിസ് മാസ്റ്റർ : എതിരൻ കതിരവൻ
ആദ്യ എപ്പിസോഡ് ക്വിസ് പാനൽ : വികടശിരോമണി & കിരൺ .

ക്വിസ് ലോഗോ : നന്ദകുമാര്‍

നിബന്ധനകൾ കടപ്പാട് : മല്ലുഗോമ്പറ്റീഷൻ

Friday, October 16, 2009

നിങ്ങൾക്കറിയാമോ ? #1


സംഗീതപ്രേമികൾക്കായി മലയാളഗാനശേഖരം ഒരു പുതിയ പംക്തി കൂടി തുടങ്ങി വയ്ക്കുകയാണ്. ഒരു പക്ഷേ നമ്മൾ അറിഞ്ഞും അറിയാതെയും പോയ ചില രസകരവും വിജ്ഞാനപ്രദവുമായ സംഗീതസംബന്ധിയായ വിവരങ്ങൾ നുറുങ്ങുകളായി ഓരോ ആഴ്ച്ചയും നിങ്ങളുടെ മുന്നിലേക്കെത്തുന്നു. ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ച അചിന്ത്യക്ക് അഭിനന്ദനങ്ങൾ. മലയാളഗാന ശേഖരത്തിന്റെ അണിയറയിലെ ഒരു കൂട്ടം സംഗീത പ്രേമികളാണ് ഈ നുറുങ്ങുകൾ നിങ്ങൾക്കായി പങ്കു വയ്ക്കുന്നത്.

അചിന്ത്യ
  1. അരവിന്ദന്‍ തന്റെ പോക്കുവെയില്‍ എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കുകയല്ല ചെയ്തത്. മറിച്ച് ഹരിപ്രസാദ് ചൗരസിയയുടെ ഫ്ലൂട്ടും രാജീവ് താരാനാഥിന്റെ സരോദും ചേര്‍ന്ന മനോഹരമായ സംഗീതം ആദ്യം റെക്കോര്‍ഡ് ചെയ്ത് അതിന്റെ ഗതിവിഗതികള്‍ക്കനിസരിച്ച് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഒരുക്കുകയായിരുന്നു.പ്രത്യേകിച്ച് സ്ക്രിപ്റ്റൊന്നുമില്ലാതെ സംഗീതം പോകുന്ന വഴിയിലായിരുന്നു പോക്കുവെയിലിന്റെ ചിത്രീകരണവും..!
  2. തീസ്രീ മന്‍സില്‍ എന്ന ചിത്രത്തിലെ "ഓ മേരെ സോനാരേ സോനാരേ" എന്ന ആശാ ഭോസ്ലെ ഗാനത്തിലൂടെയാണത്രെ ഇന്‍ഡ്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ആര്‍ ഡീ ബ്ബര്‍മ്മന്‍ ഇലക്റ്റ്രോണിക് ഓര്‍ഗന്‍ പശ്ചാത്തലത്തില്‍ ഉപയോഗിച്ചത്
  3. ചെമ്മീന്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിക്കാന്‍ രാമു കാര്യാട്ട് സലില്‍ ചൗധരി എന്ന ബംഗാളി സംഗീതസംവിധായകനെ കേരളത്തിലേക്ക് ക്ഷണിച്ചു . ഇവിടെ വന്ന സലില്‍ ചൗധരി വളരെ പോപ്പുലറായ ഒരു മലയാള ചലച്ചിത്രത്തിലെ ഒട്ടും പ്രശസ്തമല്ലാത്ത ഒരു ഗാനം മൂളിയിട്ട് ഇതിന്റെ സംഗീതകാരന്‍ ആരാണെന്ന് അന്വേഷിക്കുകയുണ്ടായി.രാഘവന്‍ മാസ്റ്ററുടെ സിനിമാരംഗത്തെ ആദ്യകാൽവയ്പ്പായ "കായലരികത്ത്" "എല്ലാരും ചൊല്ലണ്‌", "കുയിലിനെത്തേടി" തുടങ്ങിയ ജനപ്രിയഗാനങ്ങള്‍ നിറഞ്ഞ ചിത്രമായ നീലക്കുയിലിലെ "ജിഞ്ചക്കന്താരോ" എന്ന നാടോടി ഗാനമായിരുന്നു ആസ്സാമിയ-ബംഗാളി നാടോടിഗാനങ്ങള്‍ ഓടക്കുഴലില്‍ വായിച്ചു വളര്‍ന്ന ചൗധരിയെ ആകര്‍ഷിച്ച ആ പാട്ട്.
കതിരവൻ
  1. പാമ്പുകൾക്ക് മാളമുണ്ട്...’ പാട്ടിൽ “ദുസ്വപ്നം കണ്ടുണർന്ന ദുശ്ശകുനം ആണു ഞാൻ” എന്നായിരുന്നു ആദ്യം. കെ. എസ്. ജോർജ്ജ് കുറെ വേദികളിൽ ഇങ്ങനെ പാടുകയും ചെയ്തു. ദുശ്ശകുനം എന്നവാക്കിനു ചേരാനും ദുസ്വപ്നത്തിലെ ദു നീട്ടേണ്ടി വരുന്നതിനാലും പിന്നീട് ദുഃഖഭാരം  (‘ദുഃഖഭാരം ചുമക്കുന്ന’)എന്നാക്കുകയായിരുന്നു. ദുസ്വപ്നം കണ്ടുണർന്നാൽ ദുശ്ശകുനം ആകുമോ എന്ന ചോദ്യവും വന്നിരുന്നു.
  2. കാട്ടുതുളസിയിലെ “ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു.....(പി. സുശീല) എന്ന പാട്ട് എഴുതിക്കഴിഞ്ഞപ്പോൾ കുഞ്ചാക്കോ (പ്രൊഡ്യൂസർ)യ്ക്കും മറ്റും സംശയമായി. നായകൻ കൽക്കട്ടയിൽ നിന്നാണു വരുന്നതെന്ന് കൊളുന്തു നുള്ളി നടക്കുന്ന നായികയ്ക്ക് അറിയാമോ എന്ന്. അതു മാറ്റണമെന്നായി. വയലാറ് നിർബ്ബന്ധം പിടിച്ചു.
തുടർന്നു വായിക്കുക...!
നുറുങ്ങുകൾ പങ്കു വയ്ക്കാനാഗ്രഹിക്കുന്നവർ ഇവിടെ കമന്റായി രേഖപ്പെടുത്തുകയോ പാട്ടുപുസ്തകം എന്ന ഗൂഗിൾ ഗ്രൂപ്പിൽ അംഗമാവുകയോ ചെയ്യുക.

Saturday, August 8, 2009

ആറായിരെത്തിയെഴുനൂറ് പാട്ടുകള്‍‍..!

കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് ആയിരം പാട്ടുകൾ മലയാള ഗാനശേഖരത്തിൽ ചേർക്കാൻ കഴിഞ്ഞത്.പത്ത് മാസം കൊണ്ട് ആറായിരം പാട്ടുകൾ യുണീക്കോഡ് മലയാളത്തിൽ ചേർക്കുവാൻ കഴിഞ്ഞിരിക്കുന്നു എന്ന സന്തോഷത്തിനോടൊപ്പം വെബ്ബിന്റെ ചില പ്രത്യേകതകൾ കൂടി പങ്കു വയ്ക്കട്ടെ. മലയാളഗാനശേഖരം ഒരു പുതിയ-തികച്ചും ഒരു പവൾഫുൾ വെബ്ബ് ഇന്റർഫേസിലേക്ക് മാറിയിരിക്കുന്നു.യുണീക്കോഡിന്റെ ഏറ്റവും പുതിയ വേർഷനിലാണ് പാട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്.

1. ബൈലിംഗ്വൽ ഇന്റഗ്രേഷൻ:-
മലയാള ഗാനശേഖരം ഡേറ്റാബേസിൽ ഒരോ എൻ‌ട്രിയും ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യക്ഷപ്പെടുകയാണ്. മലയാളസംഗീതം ഇഷ്ടപ്പെടുന്ന എന്നാൽ മലയാളം വായന അസാധ്യമായവർക്കു കൂടിയുള്ള സേവനം എന്ന നിലക്കാണ് എല്ലാ വിവരങ്ങളുടേയും ഇംഗ്ലീഷ് വേർഷൻ കൂടി ലഭ്യമാക്കുന്നത്. മലയാളമോ ഇംഗ്ലീഷോ തെരഞ്ഞെടുക്കന്നതിനനുസരിച്ച് കണ്ടന്റ് മാറുവാൻ തക്കതായ ട്രാൻസ്ലേഷൻ ഒരോ എൻ‌ട്രികൾക്കും തയ്യാറാകുന്നു.
ചിത്രങ്ങളില്‍ ക്ലിക്കി വലുതാക്കിക്കാണുക.

2.അജാക്സ് ഓട്ടോ ഫിൽ :-
പല ഡേറ്റാബേസ് എൻ‌ട്രികളും ഇനി സേർച്ച് ചെയ്യുമ്പോൾ അദ്യത്തെ അക്ഷരങ്ങളോ വാക്കോ ടൈപ്പ് ചെയ്യുമ്പോൾത്തന്നെ ഫലം ലിസ്റ്റ് ചെയ്യുന്ന വിധം ഉപയോക്താക്കൾക്ക് മാത്രമല്ല മോഡറേറ്ററന്മാർക്കും പാട്ട് വെബ്ബിലേക്ക് ചേർക്കുന്നവർക്കും ഒക്കെ സഹായകരമാവുന്നു.പാട്ട് ചേർക്കുമ്പോള്‍ സാധാരണയായി ആർട്ടിസ്റ്റിന്റേയോ ചലച്ചിത്രത്തിന്റെയോ ഒക്കെ പേരുകൾ ടൈപ്പ് ചെയ്യാറുണ്ടായിരുന്നത് ഇപ്പോൾ സെലക്റ്റ് ചെയ്താൽ മാത്രം മതിയാവും.വലിയ ഡേറ്റാബേസിനുണ്ടാവുന്ന ഏറ്റവും വലിയ ഭീഷണിയായ ഡ്യൂപ്ലിക്കേറ്റ് എൻ‌ട്രികൾ 99% കുറക്കാൻ ഇത് സഹായകമാക്കി.സേര്‍ച്ചിങ്ങിനും വളരെ സഹായകരമാവുന്ന തരത്തിലാണ് ഓട്ടോഫില്‍ പ്രവര്‍ത്തിക്കുക.അത് പോലെ തന്നെ മലയാളത്തിലും ഇംഗ്ലീഷിലും ഒരു സേർച്ച് വിൻഡോയിൽ നിന്ന് സേർച്ച് ചെയ്യാൻ പറ്റുന്ന ആദ്യത്തെ മലയാളം വെബ്ബായിരിക്കാം മലയാളഗാനശേഖരം.സാധാരണയായി രണ്ട് ഭാഷക്കും രണ്ട് ഇന്റർഫേസുകളാണു വെബ്ബുകളിൽ കാണപ്പെടുക.താഴെക്കാണുന്ന പ്രകാരം ഒരേ വിന്‍ഡോയില്‍ തന്നെ ഇംഗ്ലീഷും മലയാളവും സേര്‍ച്ച് ചെയ്യുന്നതെങ്ങിനെയെന്ന് നോക്കുക.
ചിത്രങ്ങളില്‍ ക്ലിക്കി വലുതാക്കിക്കാണുക.
3.സേര്‍ച്ചെഞ്ചിനുകളുടെ ഒപ്ടിമൈസേഷന്‍ :-
വെറും പത്തുമാസം പ്രായമുള്ള ശേഖരത്തിന്റെ കണ്ടന്റുകൾ സെർച്ചെഞ്ചിനുകൾ സ്വീകരിച്ച വിധം അദ്ഭുതപ്പെടുത്തി.പി ഭാസ്കരനെന്നോ..വയലാറെന്നോ..ദേവരാജനെന്നോ എന്നൊക്കെയുള്ള ഏറ്റം സാധാരണമായ കീവേർഡുകൾ ടൈപ്പ് ചെയ്ത് സേർച്ചു ചെയ്യൂമ്പോൾ മലയാള ഗാനശേഖരത്തിലെ വിവരങ്ങൾ മിക്കപ്പോഴും വിക്കിപ്പീഡിയയേപ്പോലും പിന്തള്ളി മുന്നിലെത്തുന്ന ഗൂഗിൾ മായാജാലം താഴെക്കാണാം.

ചില ഉദാഹരണങ്ങൾ :-
വയലാർ,
ദേവരാജൻ,
പി ഭാസ്ക്കരൻ,
കെ ജെ യേശുദാസ്,
ഒ എൻ വി
ജി വേണുഗോപാൽ
എം ജി ശ്രീകുമാർ
കെ എസ് ചിത്ര
കൈതപ്രം ദാമോദരൻ നമ്പൂതിരി
ശ്രീകുമാരൻ തമ്പി


കഴിഞ്ഞ അമ്പത് വർഷത്തെ ഏറ്റവും നല്ല പത്ത് പാട്ടുകളുടെ സേർച്ചിന്റെ കൗതുകകരമായ ഫലങ്ങൾ നോക്കുക.ഓരോ ലിങ്കിലും സേർച്ച് റിസൾട്ടുകൾ കാണാം.
താമസമെന്തേ വരുവാൻ
തളിരിട്ട കിനാക്കൾ
മനുഷ്യൻ മതങ്ങളെ
മഞ്ഞണിപ്പൂനിലാവ്
അരികിൽ നീയുണ്ടായിരുന്നെങ്കിൽ
കാറ്റിൽ ഇളം
ഹർഷബാഷ്പം
സന്യാസിനീ
യമുനേ പ്രേമയമുനേ
കാർമുകിൽ‌വർണ്ണന്റെ

യുണീക്കോഡിന്റെ മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചതിനു ഗൂഗിൾ തന്ന സമ്മാനമായിക്കരുതുകയാണീ നേട്ടങ്ങളെ.

4.വരികൾക്ക് ശബ്ദത്തിന്റെ പിന്തുണ:-
ഗാനശേഖരത്തിന്റെ ആത്യന്തികമായ ലക്ഷ്യം വരികളുടെ ശേഖരമാണെങ്കിലും പൈറസിയുടെ പ്രശ്നങ്ങളില്ലാതെ ഗാനങ്ങൾക്ക് എങ്ങനെ ഒരു ഓഡിയോ റെഫറൻസ് കൊടുക്കാം എന്നത് ഒരു കൂട്ടം ഗായകരുടെ സഹായത്തോടെയാണ് പരിഹരിച്ചത് .ഹിറ്റ് ഗാനങ്ങളെയൊക്കെ അവതരിപ്പിക്കാനായി ഗായകരുടെ ഒരു ക്ലബ്ബ് തന്നെ ഗാനശേഖരം രൂപപ്പെടുത്തുകയാണ്. ഗായക ക്ലബ്ബിൽ നിന്നു തന്നെയുള്ള പല അംഗങ്ങൾക്കും ഈണം പോലെയുള്ള സ്വതന്ത്ര സംഗീത മേഖലയിൽ അവസരവുമൊരുക്കുന്നു.പുതിയ ഒട്ടനേകം ഗായകർ ഗാനശേഖരത്തിലേക്ക് എത്തുന്നുണ്ട്.


5.അണിയറയിൽ :-
ശേഖരത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന ചില മനുഷ്യയന്ത്രങ്ങളെ ഇവിടെക്കാണാം. ഇത്തരമൊരു ശേഖരം പണിതെടുക്കുന്നതിൽ എന്തെങ്കിലുമൊരു സ്വകാര്യമായ നേട്ടം മുന്നിൽക്കാണാതെ മുന്നിട്ടിറങ്ങിയ ചില ആളുകൾ. ഓരോ മാസത്തിലും പത്ത് ലക്ഷത്തിനടുത്ത് വെബ്ബ് ഹിറ്റുകൾ വരാൻ തക്കവണ്ണം കൃത്യതയോടെ ഡേറ്റാബേസ് തയ്യാ‍റാക്കുന്ന അവരെ പരിചയപ്പെടുക.
ഈ വിവരം ഒരു പക്ഷേ അപൂർണ്ണമാണ്.ഗാനശേഖരത്തിന്റെ പിന്നണിയിലും മുന്നണിയിലുമായി അനേകം സഹായ കരങ്ങളുണ്ട്.എല്ലാവരുടേയും പേരുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയുന്നില്ല.ആശയങ്ങൾക്ക് സാക്ഷാത്ക്കാരം പ്രതീക്ഷിക്കുന്നതിലേറെ ചെയ്ത് കിട്ടുക എന്നത് വളരെ അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണ്.എന്നാൽ വെബ്ബിന്റെ പിന്നണിയിലൂടെ കെവിൻ അത് തെളിയിച്ചിരിക്കുന്നു.

6.കൂടുതൽ പേരിലേക്കെത്തിക്കുക.
പതിനായിരം പാട്ടുകൾ ലക്ഷ്യമിട്ടാണ് ഈ ശേഖരത്തിന് അടിത്തറ പാകിയത്.എന്നാൽ കഴിയുന്നതും എല്ലാ ഹിറ്റ് ഗാനങ്ങളും ഉൾപ്പെടുത്തി മുന്നേറണം എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ഈ സംരംഭത്തിൽ പങ്കു ചേരാൻ താല്പര്യമുള്ളവർ ഇവിടെ കോണ്ടാക്റ്റ് ചെയ്യുക.കൂടുതൽ പേരിലേക്ക് ഈ വെബ്ബിനെ എത്തിക്കുവാൻ നിങ്ങളുടെ ബ്ലോഗുകളിലും സൈറ്റിലും താഴെയുള്ള കോഡ് ഒരു വിഡ്ജറ്റ് ആയി ചേർക്കുക.
MSL