Sunday, October 25, 2009

MSL-ക്വിസ് - എപ്പിസോഡ്#1


പ്രിയരേ.. ക്വിസിന്റെ ആദ്യ എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്.

ഈ എപ്പിസോഡിൽ മുൻപവതരിപ്പിച്ച പൊതുവായ നിർദ്ദേശങ്ങൾ അല്ലാതെയുള്ള നിർദ്ദേശങ്ങൾ താഴെപ്പറയുന്നു.

  • ചൊവ്വാഴ്ച്ച (27/10/09)ഇന്ത്യൻ സമയം രാത്രി 9 മണി വരെ കമന്റ് മോഡറേഷൻ ഉണ്ടായിരിക്കും.
  • ആവശ്യമെങ്കിൽ ഉത്തരങ്ങൾക്കുള്ള സഹായം തിങ്കളാഴ്ച്ച ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ചേർക്കും.
പ്രിയരേ,
ക്വിസ്സിന്റെ ആദ്യ എപ്പിസോഡ് അന്ത്യദശയോടടുക്കുകയാണ്.മിക്ക മത്സരാർത്ഥികളും മികച്ച പ്രകടനമാ‍ണ് കാഴ്ച്ചവെക്കുന്നത്.ക്ലൂ ഇല്ലാതെത്തന്നെ എല്ലാ ഉത്തരങ്ങളും തരാൻ മിടുക്കുള്ളവരാണു നെറ്റിലെ മിടുക്കന്മാരും മിടുക്കികളും.അതു കൊണ്ട്,ക്ലൂ ചില ചോദ്യങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുകയാണ്.
ചോദ്യം നമ്പർ: 2,3,11ലെ രണ്ടു ചിത്രങ്ങൾ-എന്നിവയ്ക്ക് ക്ലൂ നൽകിയിട്ടുണ്ട്.ക്ലൂ പ്രസിദ്ധീകൃതമായതിനു ശേഷം വന്ന ഉത്തരങ്ങളിൽ പ്രസ്തുത ഉത്തരങ്ങൾക്ക് ലഭിക്കുന്നത് പകുതി മാർക്ക് ആയിരിക്കും.
ചില ചോദ്യങ്ങൾ ചില മത്സരാർത്ഥികളിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.പ്രസ്തുത ചോദ്യങ്ങളുടെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി അതാതു ചോദ്യങ്ങളുടെ ചുവടെ ആവശ്യമായ വിശദീകരണങ്ങൾ അപ്‌ഡേറ്റ് ആയി ചേർത്തിരിക്കുന്നു.പ്രസ്തുത അപ്‌ഡേറ്റുകൾ നോക്കി,ഉത്തരം എഴുതുന്നവർക്ക് മുഴുവൻ മാർക്ക് തന്നെ ലഭിക്കുന്നതാണ്.അപ്‌ഡേറ്റുകൾ നോക്കി ഉത്തരം എഴുതുന്നതു കൊണ്ട് മാർക്ക് കുറയുകയില്ല.പക്ഷേ,ക്ലൂ കൊടുത്തിട്ടുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക് പകുതി മാർക്കേ ലഭിക്കൂ.അപ്‌ഡേറ്റും,ക്ലൂവും കൊടുത്തിട്ടുള്ള മൂന്നാമത്തെ ചോദ്യത്തിന് ഇനി ഉത്തരം പറയുന്നവർക്കും മുഴുവൻ മാർക്ക് ലഭിക്കുന്നതാണ്.വിവരങ്ങളൊക്കെ വിരലറ്റത്തുള്ള ലോകത്തു നടക്കുന്ന ഈ പ്രശ്നോത്തരിയുടെ ആദ്യ അദ്ധ്യായത്തിൽ വന്ന സങ്കീർണ്ണതകളും ആശയക്കുഴപ്പങ്ങളും സ്വാഭാവികം മാത്രമാണ്.തുടർന്നുള്ള അദ്ധ്യായങ്ങളിൽ അവ നൽകിയ പാഠങ്ങൾ ഏതു ക്വിസ് പാനലിനും ഉപകാരപ്രദമായിരിക്കും.ചില ചോദ്യങ്ങൾക്ക് പല ഉത്തരങ്ങളുണ്ട്.അവ മത്സരാർത്ഥികളുടെ ബഹുസ്വരതയാർന്ന,ആഴവും പരപ്പുമുള്ള അറിവുകളെ മാനിച്ചു തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്.
ക്ലൂ,അപ്‌ഡേറ്റ് എന്നിവ സസൂക്ഷ്മം വായിച്ചുനോക്കി,തുടന്നുള്ള മത്സരനിമിഷങ്ങളെക്കൂടി ഉപയോഗപ്പെടുത്തുക.കതിരവൻ നേരത്തേ കമന്റിൽ കൂടി നൽകിയ വിശദീകരണങ്ങൾ കൂടി വായിക്കുമല്ലോ.

ചോദ്യങ്ങൾ

1.അവാർഡു കിട്ടിയതടക്കം നിരവധി പാട്ടുകളുള്ള ഈ സിനിമയിലെ ഒരു ഗാനവും നായക കഥാപത്രം പാടുന്നില്ല. ഏതു സിനിമ?
അപ്ഡേറ്റ് : “നായക കഥാപാത്രം“ (a person in a lead role) ആണോ പെണ്ണോ ആകാം.
2.ഗായകനാകാൻ മദ്രാസിലെത്തിയ രവീന്ദ്രൻ പിന്നീട് സംഗീതസംവിധായകനായിത്തീരുകയാണുണ്ടായത്. ഇതേ മോഹത്തിൽ മദ്രാസിൽ എത്തിയ മറ്റൊരു പാട്ടുകാരനും സംഗീതസംവിധായകനായിട്ടുണ്ട്. ആരാണദ്ദേഹം?
ക്ലൂ :) - സിനിമാ സംവിധായകൻ പവിത്രൻ

3. ജി. വേണുഗോപാൽ ആദ്യമായി ഹിന്ദിയിൽ പാടിയ പാട്ട്? ചിത്രം?
അപ്ഡേറ്റ് : -വേണുഗോപാൽ ഒരു ഇന്ത്യൻ ഇംഗ്ലീഷ് ചിത്രത്തിൽ ആദ്യം പാടിയ പാട്ട് എന്ന് എഴുതേണ്ടിയിരുന്നു. ഈ ചോദ്യത്തിനു ഉത്തരമെഴുതിയവർക്ക് പോയിന്റു നഷ്ടപ്പെടാതെ മാറ്റിയെഴുതാം.
ക്ലൂ :) - സിനിമാ സംവിധായകൻ വി കെ പ്രകാശ്

4. “ചങ്ങഴി മുത്തുമായ്” (ലൌഡ് സ്പീക്കർ), “കോലക്കുഴൽ വിളി കേട്ടോ രാധേ“ (നൈവേദ്യം), “നാവാ മുകുന്ദ ഹരേ “ (ദേശാടനം) ഇവയ്കെല്ലാം പൊതുവേ ഉള്ള ഘടകം?
5. ഒരു പ്രശസ്ത പാട്ടിന്റെ തുടക്കമാണിത്. എതു പാട്ട്?
പാട്ട് താഴെക്കാണുന്ന പ്ലേയർ വഴിയോ ഡൗൺലോഡ് ലിങ്ക് വഴിയോ ലഭ്യമാണ്.

ഡൗൺലോഡ് ഇവിടെ
6.”ക” എന്ന അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകളിലാണ് ഈ പാട്ടിന്റെ എല്ലാ വരികളും ആരംഭിയ്ക്കുന്നത്. ഏതാണീ ഗാനം?

7.ഈ രാഗത്തിൽ ദേവരാജൻ ഒരു പാട്ടുപോലും കമ്പോസ് ചെയ്തിട്ടില്ല,ഒരു വെല്ലുവിളി എന്നോണം രവീന്ദ്രൻ പല ഗാനങ്ങളും ചിട്ടപ്പെടുത്തി. ഏതു രാഗം?

8. ഈ ഗാനചിത്രീകരണത്തിന്റെ ലൊക്കേഷൻ ഏതാണ്? (still photo).സ്ഥലം,കെട്ടിടം എന്നിവയാണ് ചോദ്യം.രണ്ടും പറയുന്നവർക്ക് ഫുൾ മാർക്ക്.


9. ഈ സംഗീതസംവിധായകന്റെ പ്രിയ സംഗീതോപകരണം ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലെ നായകനും പരിചയം. ആരാണിദ്ദേഹം?എന്ത് ഉപകരണം?
10. താഴെക്കാണുന്ന വീഡിയോ ശകലം ഏതു പാട്ടിന്റെ ചിത്രീകരണം ആണ് ? ഗാനമാണ് കണ്ടെത്തേണ്ടത്.


11.ഇത് ഒരു ബോണസ് ചോദ്യമാണ്.സാധാരണ ചോദ്യത്തിൽ നിന്നും ഇരട്ടിമാർക്കാണ് ഇതിനുള്ളത്. താഴെക്കാണിച്ചിരിക്കുന്നത് രണ്ട് പ്രശസ്ത ഗാനങ്ങളുടെ ചിത്രീകരണത്തിനിടയിൽ വരുന്ന രംഗങ്ങളാണ്.പുറം തിരിഞ്ഞിരിക്കുന്ന/മുഖം വ്യക്തമല്ലാത്ത നടിമാരാണ് ഉത്തരത്തിലേക്കുള്ള നിങ്ങളുടെ കുറുക്കുവഴി.ഈ ഗാനങ്ങളാണ് കണ്ടെത്തേണ്ടത്.പകുതി ഉത്തരങ്ങള്‍ പരിഗണിക്കുന്നതല്ല.രണ്ട് ഉത്തരങ്ങളും ശരിയാക്കിയാല്‍ മാത്രമേ ഇതിന് മാര്‍ക്ക് അനുവദിക്കുകയുള്ളു.
ക്ലൂ :) - ചിത്രം ഒന്ന് : എം ബി ശ്രീനിവാസൻ - സംഗീത സംവിധായകൻ
ക്ലൂ :) - താഴത്തെ ചിത്രം : രവീന്ദ്രൻ - സംഗീത സംവിധായകൻ




അങ്ങനെ പുത്തരിയങ്കം പൂർത്തിയായിരിക്കുകയാണ്. വാശിയേറിയ പോരാട്ടം കാഴ്‌ച്ചവെച്ച,എല്ലാ മിടുക്കരും മിടുക്കികളുമായ മത്സരാർത്ഥികൾക്ക് പാനലിന്റെ അഭിനന്ദനങ്ങൾ!
ഈ കന്നിയങ്കം അങ്കം കുറിച്ചവർക്കും,നടത്തിയവർക്കും ഒരുപോലെ പാഠമായിരുന്നു. ഏതു ചോദ്യങ്ങളേയും നേരിടാൻ കരുത്തുള്ള മത്സരാർത്ഥികളുടെ പ്രകടനങ്ങൾ കണ്ട ഈ ആദ്യമത്സരത്തിനു ലഭിച്ച പങ്കാളിത്തവും സഹകരണവും നമ്മുടെ തുടർപ്രവർത്തനങ്ങൾക്ക് ധാതുവീര്യമാകുന്നു.


ശരിയുത്തരങ്ങൾ താഴെ നൽകുന്നു.

1)ഒരു വടക്കൻ വീരഗാഥ,കളിയാട്ടം,ഒരേ കടൽ.
2)വിദ്യാധരൻ.
3) ഫ്രീകി ചക്ര. “നാ ചാഹിയേ മുഝേ കോയീ…”
4)ഈ പാട്ടുകൾ പാടിയത് പാട്ടുകാരുടെ മക്കൾ. “ചങ്ങഴി മുത്തുമായ്-മിൻ മിനിയുടെ മകൻ അലൻ, “കോലക്കുഴൽ വിളി…” വിജയ് യേശുദാസും ശ്വേതാ മോഹനും, “ നാ‍വാ മുകുന്ദാ ഹരേ” കൈതപ്രത്തിന്റെ മകൻ ദീപാങ്കുരൻ.
5)സന്ധ്യേ…കണ്ണീരിതെന്തേ…
6) കൽ‌പ്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും…പിന്നെ വരുന്നതൊക്കെ “ക” വാക്കുകൾ
7)ഹംസധ്വനി ,രീതിഗൌള.
8)കോട്ടയം സി. എം. എസ് കോളേജ് കെമിസ്ട്രി ലാബ്.
9)ഔസേപ്പച്ചൻ. വയലിൻ
10)സൌപർണ്ണികാമൃത വീചികൾ….”-
11)a)ചൈത്രം ചായം ചാലിച്ചു-ചില്ല്.
b)നാണമാവുന്നോ മേനി നോവുന്നോ-ആട്ടക്കലാശം.


നിങ്ങളുടെ സ്കോർ ഷീറ്റ് ഇവിടെക്കാണാം.

Friday, October 23, 2009

വരുന്നൂ വീണ്ടും ക്വിസ് മത്സരം..!!


മലയാളഗാനശേഖരത്തിൽ ആരംഭിച്ച “നുറുങ്ങുകൾ” എന്ന ആശയം ഒരു പുതിയ വഴിത്തിരിവിലേക്കെത്തുകയാണ്. വിവരശേഖരണത്തിനോടൊപ്പം,അത് കൂടുതൽ സുതാര്യമായി സംഗീത/സിനിമാ സ്നേഹികളുമായി പങ്കു വയ്ക്കുക എന്ന ലക്ഷ്യത്തെ മുൻ‌നിർത്തി വിജ്ഞാനവും വിനോദവും കൈകോർക്കുന്ന ഒരു ക്വിസ് പരമ്പര “MSL-Quiz“ എന്ന പേരിൽ ഇവിടെ ആരംഭിക്കുകയാണ്.ഗാനശേഖരത്തിനു പിന്നിലെ അണിയറപ്രവർത്തകരാണ് ഇത്തരമൊരാശയത്തിന്റെ സാക്ഷാത്ക്കാരത്തിനായി പ്രവർത്തിക്കുന്നത്.ഓരോആഴ്ച്ചയും ഒരോ എപ്പിസോഡുകളും എല്ലാ 10 എപ്പിസോഡുകൾക്ക് ശേഷം സമ്മാനദാനവുമാണ് ഒരോ സീസണിലുമായി നടക്കുവാൻ പോകുന്ന ഈ ക്വിസിന്റെ പ്രത്യേകത.ഇന്റർനെറ്റ് മലയാളത്തിന് ഏറെ അഭിമാനകരവും പുസ്തകപ്രേമികൾക്ക് ഏറെപരിചിതവുമായ ഇന്ദുലേഖ.കോം എന്ന വെബ്ബ് കൂടി ഈ സംരംഭത്തിൽ അണിചേരുന്നു.ബ്ലോഗിൽ മുൻപ് നടത്തപ്പെട്ടിട്ടുള്ള ഗോമ്പറ്റീഷൻ ക്വിസ് മത്സരങ്ങൾ ഇത്തരമൊരു സംരംഭത്തിനു പ്രചോദനമായിട്ടുണ്ട്.

ആദ്യത്തെ പത്ത് എപ്പിസോഡിനു ശേഷം പോയിന്റുകൾ കണക്കാക്കി ഒന്ന്,രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമ്മാനവും നൽകുന്നു.


ഒന്നാം സമ്മാനം : - ഇന്ദുലേഖ.കോമിൽ നിന്ന് 2000 രൂപയുടെ പുസ്തകങ്ങളും ഇന്ദുലേഖയുടെ പന്ത്രണ്ട് വർഷത്തെ ബുക്ക് ക്ലബ് മെമ്പർഷിപ്പും
രണ്ടാം സമ്മാനം :- ഇന്ദുലേഖ.കോമിൽ നിന്ന് 1000 രൂപയുടെ പുസ്തകങ്ങളും ഇന്ദുലേഖയുടെ പന്ത്രണ്ട് വർഷത്തെ ബുക്ക് ക്ലബ് മെമ്പർഷിപ്പും.

ക്വിസ് എപ്പിസോഡുകൾക്ക് പൊതുവിലുള്ള നിർദ്ദേശങ്ങൾ :-
1.‘സംഗീതം/സിനിമ എന്നീ മേഖലകളില്‍ നിന്ന് എല്ലാ ആഴ്ച്ചയും ആകെ പത്തു ചോദ്യങ്ങൾ ഒന്നോ രണ്ടോ എപ്പിസോഡുകളിലായി ഉണ്ടാവും‘.ഓഡിയോ,വീഡിയോ ക്ലിപ്പുകൾ,ചിത്രങ്ങൾ എന്നിവയൊക്കെ ക്വിസിന്റെ ചോദ്യങ്ങളാവാം.
2.ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഉത്തരങ്ങൾ കമന്റുകളായി ഇടണം. പക്ഷെ ഈ ബ്ലോഗില്‍ അനോണിമസ് കമന്റ് ഓപ്‌ഷന്‍ ഇല്ല എന്നറിയുക. കമന്റെഴുതാന്‍ ആവശ്യമായ ഗൂഗിള്‍ അക്കൌണ്ടോ,ഗൂഗിള്‍ അനുവദിച്ചിരിക്കുന്ന മറ്റ് അക്കൌണ്ടുകളോ ഉള്ള ആര്‍ക്കും ഉത്തരം എഴുതാവുന്നതാണ്.
3. ചോദ്യങ്ങൾ ഇട്ടതിനു ശേഷം വരുന്ന ആദ്യത്തെ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഉത്തരങ്ങൾ നലകണം. ഈ ദിവസപരിധി ചോദ്യങ്ങൾക്കൊപ്പം തന്നെ അറിയിക്കുന്നതാണു്. ഈ നിർദ്ദിഷ്ടദിവസങ്ങളിൽ ഉത്തരങ്ങളടങ്ങിയ കമന്റുകൾക്ക് മോഡറേഷൻ ഉണ്ടായിരിക്കും.
4.മത്സരം തുടങ്ങി മോഡറേഷന്റെ ഒന്നാം ദിവസത്തിനു ശേഷം ആവശ്യമെങ്കിൽ ക്ലൂ (സൂചന) തരുന്നതായിരിക്കും.
5.കമന്റ് മോഡറേഷന്‍ സമയത്ത് ക്ലൂ തരുന്നതിനു മുമ്പ് നൽകുന്ന ശരിയായ ഓരോ ഉത്തരത്തിനും 5 പോയിന്റ് ലഭിക്കും. സൂചന തന്നതിനുശേഷം മോഡറേഷന്‍ അവസാനിക്കുന്നതിനു മുമ്പ് കിട്ടുന്ന ശരിയുത്തരങ്ങൾക്കു് 2 പോയിന്റ് ലഭിക്കുന്നതാണ്. മോഡറേഷന്‍ കഴിഞ്ഞ് ഉത്തരങ്ങളടങ്ങിയ കമന്റുകള്‍ പ്രസിദ്ധപ്പെടുത്തും. ആ സമയത്തും ആരിൽ നിന്നും ശരിയായ ഉത്തരങ്ങൾ കിട്ടിയിട്ടില്ലെങ്കിൽ അതിനുശേഷം ആദ്യം ഉത്തരമെഴുതുന്ന മൂന്നു പേര്‍ക്ക് ഓരോ പോയിന്റ് വീതം ലഭിക്കും. ഇതിനു മോഡെറേഷൻ ഉണ്ടാവില്ല.
6.മോഡറേഷന്‍ സമയത്ത് ക്ലൂവിനു മുമ്പ് ഉത്തരം എഴുതിയവര്‍ക്ക് ക്ലൂ വന്നതിനുശേഷം വേണമെങ്കില്‍ ഉത്തരം മാറ്റിയെഴുതാവുന്നതാണു് - ഉത്തരം ശരിയാണെങ്കിൽ 2 പോയിന്റ് കിട്ടും. എന്നാല്‍ മോഡറേഷന്‍ സമയത്ത് ഉത്തരമെഴുതിയവര്‍ മോഡറേഷന്‍ മാറ്റിയതിനുശേഷം (അതായതു് ഉത്തരം നൽകാനുള്ള സമയപരിധി കഴിഞ്ഞതിനു ശേഷം) ശരിയുത്തരം എഴുതിയാല്‍ പോയിന്റൊന്നും ലഭിക്കുകയില്ല. അതുപോലെ ഒന്നില്‍കൂടുതല്‍ തവണ ഉത്തരം മാറ്റി എഴുതിയാലും പോയിന്റുകള്‍ ലഭിക്കില്ല. അതായതു് ഒരാള്‍ക്ക് ഒരേ ഒരു തവണമാത്രമേ ഉത്തരം മാറ്റിപ്പറയാന്‍ അവകാശമുണ്ടായിരിക്കുകയുള്ളൂ - മോഡറേഷനിലും, അല്ലാതെയും.
7. കമന്റ് മോഡറേഷന്‍ അവസാനിച്ച് ഒരു നിശ്ചിത സമയത്തിനുള്ളിൽ ശരിയുത്തരം പ്രസിദ്ധപ്പെടുത്തും.അതോടൊപ്പം ഗ്ലോബൽ സ്കോർഷീറ്റ് അപ്ഡേറ്റ് ചെയ്യുന്നതുമാണ്.
8. ഫൈനൽ മത്സരത്തിനു സമനില വരികയാണെങ്കിൽ അവരിൽ നിന്നും വിജയിയെ കണ്ടെത്താൻ ഒരു മത്സരവും കൂടി ഉണ്ടായിരിക്കും.
9.മോഡറേഷൻ - വ്യവസ്ഥകൾ എല്ലാ എപ്പിസോഡുകളിലും ഒരേ പോലെയാവണമെന്നില്ല.പൊതുവായ നിർദ്ദേശങ്ങളിൽ മാറ്റമുണ്ടെങ്കിൽ അത് ഒരോ എപ്പിസോഡിനോടൊപ്പവും അവതരിപ്പിക്കുന്നതാണ്.
10.ക്വിസ് മാസ്റ്ററിന്റെ തീരുമാനം അന്തിമമായിരിക്കും.

MSL-Quizന്റെ ആദ്യത്തെ എപ്പിസോഡ് ഈ വരുന്ന ഞായറാഴ്ച്ച(25/10/09) ആരംഭിക്കുകയാണ്.
എപ്പിസോഡ് ക്വിസ് മാസ്റ്റർ : എതിരൻ കതിരവൻ
ആദ്യ എപ്പിസോഡ് ക്വിസ് പാനൽ : വികടശിരോമണി & കിരൺ .

ക്വിസ് ലോഗോ : നന്ദകുമാര്‍

നിബന്ധനകൾ കടപ്പാട് : മല്ലുഗോമ്പറ്റീഷൻ

Friday, October 16, 2009

നിങ്ങൾക്കറിയാമോ ? #1


സംഗീതപ്രേമികൾക്കായി മലയാളഗാനശേഖരം ഒരു പുതിയ പംക്തി കൂടി തുടങ്ങി വയ്ക്കുകയാണ്. ഒരു പക്ഷേ നമ്മൾ അറിഞ്ഞും അറിയാതെയും പോയ ചില രസകരവും വിജ്ഞാനപ്രദവുമായ സംഗീതസംബന്ധിയായ വിവരങ്ങൾ നുറുങ്ങുകളായി ഓരോ ആഴ്ച്ചയും നിങ്ങളുടെ മുന്നിലേക്കെത്തുന്നു. ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ച അചിന്ത്യക്ക് അഭിനന്ദനങ്ങൾ. മലയാളഗാന ശേഖരത്തിന്റെ അണിയറയിലെ ഒരു കൂട്ടം സംഗീത പ്രേമികളാണ് ഈ നുറുങ്ങുകൾ നിങ്ങൾക്കായി പങ്കു വയ്ക്കുന്നത്.

അചിന്ത്യ
  1. അരവിന്ദന്‍ തന്റെ പോക്കുവെയില്‍ എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കുകയല്ല ചെയ്തത്. മറിച്ച് ഹരിപ്രസാദ് ചൗരസിയയുടെ ഫ്ലൂട്ടും രാജീവ് താരാനാഥിന്റെ സരോദും ചേര്‍ന്ന മനോഹരമായ സംഗീതം ആദ്യം റെക്കോര്‍ഡ് ചെയ്ത് അതിന്റെ ഗതിവിഗതികള്‍ക്കനിസരിച്ച് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഒരുക്കുകയായിരുന്നു.പ്രത്യേകിച്ച് സ്ക്രിപ്റ്റൊന്നുമില്ലാതെ സംഗീതം പോകുന്ന വഴിയിലായിരുന്നു പോക്കുവെയിലിന്റെ ചിത്രീകരണവും..!
  2. തീസ്രീ മന്‍സില്‍ എന്ന ചിത്രത്തിലെ "ഓ മേരെ സോനാരേ സോനാരേ" എന്ന ആശാ ഭോസ്ലെ ഗാനത്തിലൂടെയാണത്രെ ഇന്‍ഡ്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ആര്‍ ഡീ ബ്ബര്‍മ്മന്‍ ഇലക്റ്റ്രോണിക് ഓര്‍ഗന്‍ പശ്ചാത്തലത്തില്‍ ഉപയോഗിച്ചത്
  3. ചെമ്മീന്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിക്കാന്‍ രാമു കാര്യാട്ട് സലില്‍ ചൗധരി എന്ന ബംഗാളി സംഗീതസംവിധായകനെ കേരളത്തിലേക്ക് ക്ഷണിച്ചു . ഇവിടെ വന്ന സലില്‍ ചൗധരി വളരെ പോപ്പുലറായ ഒരു മലയാള ചലച്ചിത്രത്തിലെ ഒട്ടും പ്രശസ്തമല്ലാത്ത ഒരു ഗാനം മൂളിയിട്ട് ഇതിന്റെ സംഗീതകാരന്‍ ആരാണെന്ന് അന്വേഷിക്കുകയുണ്ടായി.രാഘവന്‍ മാസ്റ്ററുടെ സിനിമാരംഗത്തെ ആദ്യകാൽവയ്പ്പായ "കായലരികത്ത്" "എല്ലാരും ചൊല്ലണ്‌", "കുയിലിനെത്തേടി" തുടങ്ങിയ ജനപ്രിയഗാനങ്ങള്‍ നിറഞ്ഞ ചിത്രമായ നീലക്കുയിലിലെ "ജിഞ്ചക്കന്താരോ" എന്ന നാടോടി ഗാനമായിരുന്നു ആസ്സാമിയ-ബംഗാളി നാടോടിഗാനങ്ങള്‍ ഓടക്കുഴലില്‍ വായിച്ചു വളര്‍ന്ന ചൗധരിയെ ആകര്‍ഷിച്ച ആ പാട്ട്.
കതിരവൻ
  1. പാമ്പുകൾക്ക് മാളമുണ്ട്...’ പാട്ടിൽ “ദുസ്വപ്നം കണ്ടുണർന്ന ദുശ്ശകുനം ആണു ഞാൻ” എന്നായിരുന്നു ആദ്യം. കെ. എസ്. ജോർജ്ജ് കുറെ വേദികളിൽ ഇങ്ങനെ പാടുകയും ചെയ്തു. ദുശ്ശകുനം എന്നവാക്കിനു ചേരാനും ദുസ്വപ്നത്തിലെ ദു നീട്ടേണ്ടി വരുന്നതിനാലും പിന്നീട് ദുഃഖഭാരം  (‘ദുഃഖഭാരം ചുമക്കുന്ന’)എന്നാക്കുകയായിരുന്നു. ദുസ്വപ്നം കണ്ടുണർന്നാൽ ദുശ്ശകുനം ആകുമോ എന്ന ചോദ്യവും വന്നിരുന്നു.
  2. കാട്ടുതുളസിയിലെ “ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു.....(പി. സുശീല) എന്ന പാട്ട് എഴുതിക്കഴിഞ്ഞപ്പോൾ കുഞ്ചാക്കോ (പ്രൊഡ്യൂസർ)യ്ക്കും മറ്റും സംശയമായി. നായകൻ കൽക്കട്ടയിൽ നിന്നാണു വരുന്നതെന്ന് കൊളുന്തു നുള്ളി നടക്കുന്ന നായികയ്ക്ക് അറിയാമോ എന്ന്. അതു മാറ്റണമെന്നായി. വയലാറ് നിർബ്ബന്ധം പിടിച്ചു.
തുടർന്നു വായിക്കുക...!
നുറുങ്ങുകൾ പങ്കു വയ്ക്കാനാഗ്രഹിക്കുന്നവർ ഇവിടെ കമന്റായി രേഖപ്പെടുത്തുകയോ പാട്ടുപുസ്തകം എന്ന ഗൂഗിൾ ഗ്രൂപ്പിൽ അംഗമാവുകയോ ചെയ്യുക.