Tuesday, November 10, 2009

MSL-ക്വിസ് - എപ്പിസോഡ്#3


പ്രിയരേ.. ക്വിസിന്റെ മൂന്നാം എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്.

മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായി ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ വ്യാഴം(12/11/2009‌) രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.വെള്ളി(13/11/2009) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്യുന്നതാണ്.ഉടൻ തന്നെ ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.

ചോദ്യങ്ങൾ

1. “എങ്ങിനേ നീ മറക്കും…’ എന്ന നീലക്കുയിലിലെ പാട്ടും ലെസ്ലി ആൻഡ്രൂസ് എന്നൊരാളും തമ്മിൽ എന്തു ബന്ധം?
സൂചന: മതം മാറി
ഉത്തരം : ലെസ്ലി ആൻഡ്രൂസ് മതം മാറി അബ്ദുൾ ഖാദർ ആയി പാടി.
സിംഗപ്പൂർ വച്ച് അബ്ദുൽ ഖാദർ ആയി മതം മാറുകയാണുണ്ടായത്. വിവാഹം കഴിച്ചത് സിനിമാ-നാടക നടിയായ ശാന്താദേവിയെ. (ഈയിടെ കേരള കഫേയിൽ ശാന്താദേവി അഭിനയിച്ചിട്ടുണ്ട്). മകൻ മാസ്റ്റർ സത്യജിത്ത് ബാലനടനായി അഭിനയിച്ചിട്ടുണ്ട്. സത്യ്ജിത്തിന്റെ ജ്യേഷ്ഠൻ പാട്ടുകാരനാണ്. സത്യജിത്തിനു സിനിമയിൽ പിടിച്ചുനിൽക്കാനായില്ല. 


2. ഈ ഹിന്ദി സിനിമാപ്പാട്ടിന്റെ അവതരണത്തിൽ പ്രശസ്തരായ അഞ്ചു മലയാളികൾക്ക് പങ്കുണ്ട്. ഏതു പാട്ട്?
സൂചന: ഷൈനി അഹൂജ,സാബു സിറിൾ
ഉത്തരം : “മെരേ ഢോൽ നാ  എന്ന ഗാനം” ചിത്രം-ഭൂൽ ഭുലൈയ്യ.
സാബു സിറിൾ നിർമ്മിച്ച രാജസദസ്സിൽ എം. ജി. ശ്രീകുമാർ (ശ്രേയാ ഘോഷാലിനൊപ്പം) പാടിയ പാട്ടിനു വിദ്യാ ബാലനും വിനീതും നൃത്തം ചെയ്തത് പ്രിയദർശൻ സംവിധാനം ചെയ്തു.എഡിറ്ററായ എൻ. ഗോപാലകൃഷ്ണന അടക്കം ആറു പേര്. പ്രിയദർശന്റെ ഹിന്ദി സിനിമകൾ പലതും മലയാളികളുടെ കൂട്ടായ്മയിലാണ് പിറവിയെടുക്കാറുള്ളതെങ്കിലും ഈ പാട്ടു മാത്രമാണ് മലയാളികൾ (വിനീത്, വിദ്യാ ബാലൻ) സ്ക്രീനിൽ അവതരിപ്പിച്ചത്.


3.പ്രശസ്ത അക്കോർഡിയൻ വായനക്കാരനായ ഇദ്ദേഹം പിന്നീട് സംഗീതസംവിധായകനായി മാറി. ആരാണത്?
സൂചന: എം.എസ്.വിശ്വനാഥൻ,കെ.വി.മഹാദേവൻ എന്നിവരുടെയൊക്കെ ഓർക്കസ്‌ട്രയിലെ മികച്ചപ്രകടനം.
 ഉത്തരം : കെ. ജെ. ജോയ്.

തെന്നിന്ത്യയിലെ ചുരുക്കം അക്കോർഡിയൻ പ്രഗൽഭരിലൊരാണ് കെ. ജെ. ജോയ്. പല പ്രസിദ്ധ ഹിന്ദിപ്പാട്ടുകൾക്കും അക്കോർഡിയൻ വായിച്ചിട്ടുണ്ട്. സംഗീതസംവിധാനത്തിലേക്കു തിരിഞ്ഞത് പിന്നീട്.

4.സാധാരണ താരാട്ടു പാട്ടുകൾ അമ്മ കുഞ്ഞിനെ ഉറക്കുന്ന രീതിയിലുള്ളവയാണ്.ചിലപ്പോൾ അമ്മയും അച്ഛനും കൂടെ കുഞ്ഞിനെ ഉറക്കാൻ താരാട്ടു പാടും (“കണ്ണും പൂട്ടിയുറങ്ങുക നീയെൻ”).എന്നാൽ അച്ഛനെ ഉറക്കാൻ മകൻ പാടുന്ന ഒരു താരാട്ടുണ്ട്. ഏതാണത്?
സൂചന: എം.കെ.അർജ്ജുനൻ സംഗീതം.പാട്ട് കെ.ജെ.യേശുദാസും പി.സുശീലയും വെവ്വേറെ പാടുന്നു.
ഉത്തരം : രാരിരം പാടുന്നു രാക്കിളികൾ
താളത്തിലാടുന്നു തളിർ ലതകൾ
ഈണത്തിലൊഴുകുന്നു പൂന്തെന്നൽ
ഇനിയുമെന്നച്ഛനുറങ്ങുകില്ലെ
പി. സുശീല, ചിത്രം അഷ്ടമി രോഹിണി, സംഗീതം എം. കെ. അർജ്ജുനൻ.അച്ഛൻ മകനെ ഉറക്കുന്നത് യേശുദാസ് പാടുന്നു. മകൻ അഛനെ ഉറക്കുന്നത് പി. സുശീലയും.

“കണ്ണിൻ മണികളാം മുല്ലകളെ
“വെണ്ണിലാവമ്മയുറക്കി
വിണ്ണിൻ മുറ്റത്തെ മേഘവിരികളിൽ
ഉണ്ണികൾ താരങ്ങളുറങ്ങി
അച്ഛനുറങ്ങാതിരിക്കാം
കൊച്ചു കൺപീലികൾ മൂടൂ...”
എന്ന് അച്ഛനും

“കണ്ണിൻ മണികളാം മുല്ലകൾ പാടീ
വെണ്ണിലാവമ്മയുറങ്ങി
കൊച്ചു നക്ഷത്രങ്ങൾ താലോലം പാടി
അച്ഛനാം അമ്പിളിയുറങ്ങി
കണ്ണനുറങ്ങാതിരിയ്ക്കാം
കണ്ണന്റെ പൊന്നച്ഛനുറങ്ങൂ...”
എന്നു മകനും പാടുന്നു



5.“സിനിമയിൽ പാടാൻ വന്നു, ആദ്യകാലത്ത് പല സിനിമകളിലും പാടി...പിന്നെ മലയാളത്തിലെ പ്രശസ്ത അഭിനേതാവായി മാറി,ആരാണിത്”
സൂചന:ദേവാസുരത്തിൽ ഉണ്ട്.
 ഉത്തരം :ജോസ് പ്രകാശ്
പാട്ടുകാരനായ ജോസ് പ്രകാശിനെയാണ് സിനിമാലോകം ആദ്യം കണ്ടത്. “ശരിയൊ തെറ്റോ”, വിശപ്പിന്റെ വിളി” സിനിമകളിലൊക്കെ പാടിക്കഴിഞ്ഞാണ് അഭിനയത്തിലേക്കു തിരിയുന്നത്.കൃഷ്ണചന്ദ്രൻ സംഗീതത്തിൽ ബിരുദവുമായാണ് സിനിമയിൽ എത്തിയതെങ്കിലും ആദ്യം അഭിനയത്തിലാണു തുടക്കം. പിന്നീട് അഭിനയവും പാട്ടും തുടർന്നു.


6.ഈ പാട്ട് തുടങ്ങുന്നത് അതിന്റെ ഒരു ചരണത്തിലാണ്.പല്ലവി ആയി ആവർത്തിയ്ക്കുന്നത് പിന്നീടു വരികയാണ്.ആദ്യം വന്ന ചരണം പിന്നീട് ആവർത്തിയ്ക്കുന്നുമുണ്ട്.ഏതു പാട്ട്?
സൂചന: ദേവൻ-ഹരിഹരൻ
ഉത്തരം :“ആത്മാവിൽ മുട്ടി വിളിച്ചതു പോലെ” പിന്നെയും ചരണമായി വരുന്നു. “കണ്ണിൽ പൂങ്കവിളിൽ തൊട്ട്……’ പല്ലവി ആയി ആവർത്തിയ്ക്കുന്നു. “താഴമ്പൂക്കാറ്റു തലോടിയ പോലെ...എന്ന ചരണത്തിന്റെ അതേ കമ്പൊസിങ്ങും ഓർക്കെസ്ട്രേഷനും തന്നെ ഇതിനും. “കണ്ണിൽ പൂങ്കവിളിൽ....” നു ചരണങ്ങളിൽ നിന്നും വ്യത്യസ്ഥമായി ട്യൂൺ ഇട്ടിരിയ്ക്കുന്നു. പല്ലവി യുടെ പതിവനുസരിച്ച് രണ്ടു തവണ ആവർത്തിയ്ക്കുന്നു.
ഹിന്ദി സിനിമാപ്പാട്ടിൽ ഈ രീതി പ്രചാരമുള്ളതാണ്. പല്ലവി തന്നെ വേറേ വാക്കുകളുപയൊഗിച്ച് ആവർത്തിക്കാറുമുണ്ട്. “മലർക്കൊടി പോലെ....’ എന്നപാട്ടിൽ ചരണം കഴിഞ്ഞ് ശേഷം "മധുകണം പോലെ മഞ്ഞിന്മണി പോലെ...എന്നാണു പല്ലവി. രണ്ടാം ചരണം കഴിഞ്ഞ് “മധുസ്വരം പോലെ മണിസ്വനം പോലെ“ എന്നാണു പല്ലവി. അവസാനം മാത്രമേ “മലർക്കൊടി പോലെ...” എന്ന ആദ്യപല്ലവി ആവർത്തിയ്ക്കുന്നുള്ളു. “അമ്പിളീ നിന്നെപ്പുൽകീ...” അനുപല്ലവി എന്ന നിയുക്തസ്ഥനത്തു നിന്നും മാറി മറ്റൊരു പല്ലവിയുടെ തന്നെ സാന്നിദ്ധ്യം കൈവരിയ്ക്കുന്നുണ്ട്. സലിൽ ചൌധരി ഇത്തരം സങ്കീർണ്ണശിൽ‌പ്പങ്ങൽ ഉണ്ടാക്കി എടുക്കുന്നതിൽ പ്രഗൽഭനാണ്. പാകീസ യിലെ “ചൽ തേ ചൽ തേ..” ഇതുപോലെ പല്ലവി മാറ്റിയെടുക്കുന്ന ഒരു ഉദാഹരണം.

കുമാറിനോട് :-
“പനിമതി മുഖി ബാലേ....” അനുപല്ലവി ആണ്. ചരണം അല്ല. “മനസി ദുസ്സഹമയ്യൊ..” പല്ലവി. അനുപല്ലവിയിൽ പാടിത്തുടങ്ങുന്നത് പതിവാണ്. ചരണങ്ങൾ “ലോക വാസികൾക്കെല്ലാം....”ഇന്നു വരുമെൻ കാന്തൻ...” ബാണത്രയത്താൽ തന്നെ...” ഒക്കെയാണ്.
“മോക്ഷമുഗലദാ....” (ത്യാഗരാജകൃതി) ചിലപ്പോൾ ചരണത്തിൽ നിന്നും തുടങ്ങാറുണ്ട് ചിലർ. “സാക്ഷാൽക്കാര..” എന്ന്.


7. ഇതാര്?

സൂചന:വയലാർ ഗർജ്ജിക്കുന്നു
ഉത്തരം : പി. ഭാസ്കരനും ഭാര്യയും.


8. ഏതു പാട്ടിന്റെ റെക്കോർഡിങ്?

സൂചന: ചെണ്ട
ഉത്തരം : “പൊലിയോ പൊലി …….” ചിത്രം: പല്ലാവൂർ ദേവനാരായണൻ
രവീന്ദ്രൻ മമ്മുട്ടിയെക്കൊണ്ട് വേറൊന്നും പാടിച്ചിട്ടുണ്ട്. “മഴയെത്തും മുൻപേ” ഇൽ ഒരു
Rap song ന്റെ ഭാഗം.

9. സാക്സോഫോൺ ധാരാളം ഉപയോഗിച്ചിട്ടുള്ള ഒരു മലയാളസിനിമാഗാനം?
സൂചന: വിദ്യാസാഗർ,യേശുദാസ്,സുജാത
ഉത്തരം : എന്നേ മറന്നോ പൊന്നേ…..ചിത്രം:എഴുപുന്ന തരകൻ. യേശുദാസ്. സുജാത. സംഗീതം=വിദ്യാസാഗർ. “ആ രാഗം…“(ക്ഷണക്കത്ത്) ഇലും സാക്സോഫോൺ ഉണ്ട്. പക്ഷെ ഇത്രയും ഇല്ല.  ആ ഉത്തരത്തിനു പകുതി മാർക്ക്.സാക്സോഫോൺ വളരെക്കുറച്ചേ മലയാളസിനിമാഗാനങ്ങളിൽ ഉപയോഗിച്ചിട്ടുള്ളു. ഏറ്റവും സമർത്ഥമായും പ്രകടമായും ഇത് “എന്നേ മറന്നോ പൊന്നെ” യിൽ തന്നെ (‘മിന്നും നിലാത്തിങ്കളായ്‘ ആദ്യപകുതി ഇതിന്റെ കോപ്പി). കീ ബോർഡല്ലാതെ യഥാർത്ഥ ഉപകരണം തന്നെയാണ് ഈ പാട്ടിൽ. ഒരു ജുഗൽബന്ദി എഫെക്റ്റ് വരെ ഉണ്ടാക്കി എടുത്തിട്ടുണ്ട് ഇവിടെ. അവിടവിടെ സ്വൽ‌പ്പം ഫ്ലൂട് കടന്നുവരുന്നതൊഴിച്ചാൽ സാക്സോഫോൺ തന്നെ പ്രമുഖ വാദ്യം. ഖരഹരപ്രിയ രാഗത്തിന്റെ സഞ്ചാരങ്ങളിൽ ഒഴുകി നീങ്ങുന്ന സാക്സോഫോൺ നാദത്തിനു ചുറ്റും പടർത്തി എടുത്ത വോക്കൽ എന്നു വേണമെങ്കിൽ പറയാം. “ആ രാഗം..“(ക്ഷണക്കത്ത്)ഇൽ സാക്സോഫോൺ നിബന്ധിച്ച് കമ്പോസ് ചെയ്യാനുള്ള ശ്രമം കാണാം.
‘നിർണ്ണയം’ സിനിമയിലെ “കുറിയങ്കം..” സാക്സോഫോൺ പാട്ടിൽ ചേർത്തിട്ടില്ല. പാട്ടു തുറ്റങ്ങുന്നതിനു മുൻപ് അതുമായി ബന്ധമില്ലാതെ ഒരു ചെറിയ പ്രകടനം എന്നെ പറയാവൂ. ‘നിറ’ ത്തിലെ ‘മിന്നിത്തെന്നും’ ഇൽ ഇതുപോലെ ആ‍്ദ്യം സാക്സോഫോൺ എന്നു തോന്നിപ്പിയ്ക്കുന്ന ഒരു ബിറ്റ് കേൾക്കാം. അത് 10 സെക്കൻഡ് മാത്രം. കീബോർഡ് പ്രയോഗമായിരുന്നിരിയ്ക്കാം, തെളിച്ചമില്ലാതെ പോയി.
“ധാരാളം” എന്ന് ചോദ്യത്തിലുണ്ട് എന്നതു ശ്രദ്ധിയ്ക്കുക.


10. ഈ പാട്ടുകൾ ഏതൊക്കെ? ചരണത്തിനു മുമ്പ് വരുന്ന ഓർക്കസ്ട്രേഷൻ ബിറ്റുകളാണിത്.
1.
ഡൗൺലോഡ് ഇവിടെ
സൂചന: കുട്ടിക്കഥ വരുന്ന പാട്ട്
ഉത്തരം : ഒരുനാൾ വിശന്നേറെ…

2.
ഡൗൺലോഡ് ഇവിടെ
സൂചന: മഞ്ജു വാര്യർ
ഉത്തരം : ഒരു രാത്രി കൂടെ വിട വാങ്ങവേ…



11.ബോണസ് ചോദ്യം (പകുതി ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല,നാല് ചോദ്യങ്ങൾക്കും ഉത്തരം ശരിയാക്കണം)


a.ഏതു ചിത്രത്തിന്റെ ലൊക്കേഷൻ? മറഞ്ഞ സംവിധായകൻ ആര്?

സൂചന: സുകുമാരിയേയും മുറിച്ചുമാറ്റിയിട്ടുണ്ട്.
ഉത്തരം :  പ്രേം പൂജാരി. ഹരിഹരൻ
.കുഞ്ചാക്കോ ബോബനും വിനീതും ഒന്നിയ്ക്കുന്ന മഴവില്ല് ആണോ എന്നു സംശയം ജനിപ്പിയ്ക്കാൻ സുകുമാ‍രിയുടെ ഭാഗം മാറ്റി. അതുപോലെ ശാലിനിയുടേയും.

b.ആരാണിത്?

ഡൗൺലോഡ് ഇവിടെ
സൂചന: “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ” പാടിയിട്ടുണ്ട്
ഉത്തരം : എം എസ് സുബ്ബലക്ഷ്മി
സുബ്ബലക്ഷ്മി പാടി അഭിനയിച്ച ‘മീര“ “ശകുന്തള’ ഒക്കെ വൻ ഹിറ്റ് സിനിമകളായിരുന്നു. ‘മീര’യിലെ “കാറ്റിനിലെ വരും ഗീതം” ആണു ഈ ക്ലിപ്പിൽ. സിനിമാ അഭിനയത്തിൽ നിന്നും കുറേ നാൾ വിട്ടു നിന്നിരുന്നു, രാജഗോപാലാചാരിയുടെ അഭിപ്രായപ്രകാരം. അതു കഴിഞ്ഞാണ് കച്ചേരിയുമായി,പാട്ടുകാരി മാത്രമായി രംഗപ്രവേശം. പണ്ടിറങ്ങിയ ഒരു ആൽബത്തിൽ “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ“ (ജ്ഞാനപ്പാന, പൂന്താനം) പാടിയിട്ടുണ്ട്. ബാഗെശ്രീ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം മലയാളികളല്ലാത്തവർക്കിടയിലും പ്രസിദ്ധമായി.



c.ഏതുപാട്ട്?



ഡൗൺലോഡ് ഇവിടെ
സൂചന: ഉണ്ണിമേനോൻ
ഉത്തരം ;  ചിന്നക്കുട്ടീ ഉറങ്ങീലേ/ഇണക്കിളീ….ചിത്രം ഒരു നോക്കു കാണാൻ


d.സത്യനും നസീറുമാണ് ഈ ചിത്രത്തിൽ.ചോദ്യം ഏതു സിനിമ,ഇവരുടെ കഥാപാത്രങ്ങളുടെ പേരെന്ത്.

സൂചന: തകഴി
ഉത്തരം :  അനുഭവങ്ങൾ പാളിച്ചകൾ. സത്യൻ=ചെല്ലപ്പൻ, പ്രേം നസീർ=ഗോപാലൻ